ഗൗതം കടങ്ങള്‍ക്ക് നടുവിലായിരുന്നു. തിരിച്ചുനല്‍കാനുള്ള പണത്തിനുമുകളില്‍ ആ കുട്ടിയെ അലട്ടിയത് തനിക്ക് താങ്ങായിനിന്നവരുടെ പ്രതീക്ഷകളാണ്. എന്നാല്‍, കുച്ചിപ്പുഡിയിലെ എ ഗ്രേഡ് ഗൗതമിന് ചെറുതല്ലാത്ത സന്തോഷമാണ് നൽകിയത്.
സാമ്പത്തികഭാരത്താല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് തീര്‍പ്പാക്കിയ തിരുവനന്തപുരം പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസിലെ ഗൗതമിന് വഴിത്തുണയായത് കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ ആണ്. പിന്നെ നാട്ടിലെ സ്‌നേഹസമ്പന്നരും. വഴിപാകിയത് 'മാതൃഭൂമി'യും. മത്സരിച്ച ആദ്യ ഇനമായ കുച്ചിപ്പുഡിയില്‍ എ ഗ്രേഡ് നേടി ഗൗതം പ്രതീക്ഷകള്‍ക്ക് ഉത്തരമേകി.
നൃത്തയിനങ്ങളായതിനാല്‍ ഭാരിച്ച പണച്ചെലവായിരുന്നു ഗൗതമിനും കുടുംബത്തിനും മുന്നില്‍. കൂലിപ്പണിക്കാരനായ പോത്തന്‍കോട് പേരുത്തല സ്വദേശിയായ അച്ഛന്‍ മഹേശ്വരന്റെയും ആശാവര്‍ക്കറായ അമ്മ അനിതയുടെയും 'കടമെടുത്ത' കലാസ്‌നേഹമായിരുന്നു ജില്ലാ കലോത്സവംവരെ എത്തിച്ചത്.
കുച്ചിപ്പുഡി, ഭരതനാട്യം, നാടോടിനൃത്തം ഈ ഇനങ്ങളിലായിരുന്നു വിജയം. എല്ലാം ചെലവേറിയ ചമയകലകള്‍. 20000 രൂപയാണ് അന്ന് പലിശയ്‌ക്കെടുത്തത്.
ഇനിയും പലിശപ്പണം പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെ സംസ്ഥാന കലോത്സവം വേണ്ടെന്നുവെച്ചതാണ്. ഇക്കാര്യം 'മാതൃഭൂമി'യിലൂടെ അറിഞ്ഞ കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ ഗൗതമിന് സഹായവുമായി എത്തി. അന്‍പതിനായിരം രൂപയുടെ ചെക്ക് കൈമാറി നെറുകയില്‍ കരുതലിന്റെ ഒപ്പിട്ടു. ഒപ്പം അമ്മ അനിതയുടെ കൂട്ടുകാരുടെ 'ആശാസംഘവും' സഹായം നല്‍കി.
ഏഴാംക്ലാസ് മുതല്‍ക്കാണ് നൃത്തം പഠിച്ചുതുടങ്ങുന്നത്. കഴിവും സാമ്പത്തികാവസ്ഥയും അറിയാവുന്ന നൃത്താധ്യാപകന്‍ ആറ്റിങ്ങല്‍ ജോഷി ഫീസ് വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. പക്ഷേ, ഗാനത്തിന്റെയും ചമയങ്ങളുടെയും ചെലവാണ് കടമ്പയായത്. കര്‍ദിനാളിന്റെ ഇടപെടലോടെ അതിനുള്ള വഴിതെളിഞ്ഞു. ''വായ്പ മുടങ്ങിയ വീട്ടില്‍ തിരികെ എത്തും മുന്‍പ് ആദ്യം കര്‍ദിനാളിനെ കണ്ട് നന്ദി പറയണം''- ഗൗതം പറഞ്ഞു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights : Goutham gets A grade in Kuchippudi, It was Cardinal Cleemis Catholica Bava who helped Goutham financially to participate in kalolsavam 2019