എന്‍ഡോസള്‍ഫാന് കാഴ്ച കവരാം പക്ഷേ, കലയുടെ നെയ്ത്തിരി കെടുത്താനാവില്ലെന്ന് തെളിയിക്കുകയാണ് കാസര്‍ക്കോട് ജി.എച്ച്.എസിലെ ജീവന്‍രാജ്. നാലാം തവണയും വിജയത്തേരേറിയിരിക്കുകയാണ് ഇത്തവണ. ഹയര്‍സെക്കന്‍ഡറി മിമിക്രി മത്സരത്തിലാണ് എ ഗ്രേഡ്.
കാസര്‍ക്കോട്ടെ കുഗ്രാമമായ എന്‍മകജെ എന്ന പേരുമാത്രം മതി എന്‍ഡോസള്‍ഫാനെന്ന മാരകവിഷത്തിന്റെ വീര്യം മനസ്സില്‍ വീണുപൊള്ളി നീറാന്‍. വിഷം മഴയായ്പ്പെയ്ത് കരിഞ്ഞുപോയ ആ ഗ്രാമത്തിലെ അഡ്യത്തട്ക്കയില്‍ നിന്നാണ് ജീവന്റെ വരവ്. നാട്ടുപണിക്കാരനായ ഈശ്വര നായികിന്റെയും പുഷ്പലതയുടെയും രണ്ടുമക്കളില്‍ ഇളയവനാണ്. ജനിച്ചപ്പോള്‍ത്തന്നെ കീടനാശിനി ജീവനില്‍നിന്ന് കാഴ്ചയെ കടംവാങ്ങി. പിന്നീടങ്ങോട്ട് ശബ്ദങ്ങള്‍ മാത്രമായി അവന്റെ കൂട്ട്. കാസര്‍ക്കോട് ജി.എച്ച്.എസ്.എസില്‍ പഠിക്കാനെത്തിയത് ജീവന്റെയുള്ളിലെ അനുകരണ കലാമികവിന് അനുഗ്രഹമായി മാറി. സ്‌കൂളിലെ അധ്യാപകന്‍ ടി.വി.നാരായണനാണ് മിമിക്രിയിലെ ഗുരു. സൗണ്ട് പെര്‍ഫെക്ഷനാണ് ജീവന്റെ തുരുപ്പുചീട്ട് -ശിഷ്യന് ഗുരുവിന്റെ പ്രശംസ.
പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയായ ജീവന്‍ ഇത് നാലാംതവണയാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്.
പ്രളയദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രസിപ്പിക്കാന്‍ അവിടെ കുറച്ച് മിമിക്രി കലാകാന്മാരെത്തുന്നു. അവര്‍ അവതരിപ്പിക്കുന്ന കലാപ്രകടനമായാണ് ജീവന്‍ സദസ്സിനെ കീഴടക്കിയത്. മരംമുറിയും പ്രകൃതിക്ഷോഭവും പ്രകൃതിയെ നശിപ്പിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ പല ഉപകരണങ്ങളും ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ പിണറായി വിജയന്‍, വി.എസ്, ഉമ്മന്‍ചാണ്ടി, വെള്ളാപ്പള്ളി എന്നിവരൊക്കെയും ജീവനില്‍നിന്ന് ജീവന്‍വെച്ച ശബ്ദമായി വേദിയിലെത്തി. ഒടുവില്‍ ആ വൈറല്‍ റോണാള്‍ഡോ ഫുട്ബോള്‍ കമന്ററിയോടെ അഞ്ചുമിനിറ്റുള്ള തന്റെ അവതരണം അവസാനിപ്പിക്കുമ്പോള്‍ കരഘോഷമായിരുന്നു സദസ്സില്‍.
ജീവന്റെ സഹോദരനായ ദേവീ കിരണ്‍ ഗായകനാണ്. കാഴ്ചയില്ലായ്മയെ മറികടന്ന് ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും കവിതാപാരായണത്തിലും മത്സരിക്കാനെത്തി വര്‍ഷങ്ങള്‍ക്കുമുന്‍പ് ദേവീകിരണും കലോത്സവവേദിയില്‍ സജീവമായിരുന്നു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: endosulfan victim Jeevan Raj won A grade in mimicry Kalolsavam 2019