കാഞ്ഞങ്ങാട്: നാവു നഷ്ടപ്പെട്ട് പ്രതിരോധങ്ങള്‍ ഇല്ലാതായി പോവുന്ന ഒരു ജനത. പേരിന്റെയും മതത്തിന്റെയുമൊക്കെ പേരില്‍ ജനിച്ച നാട് വിട്ട് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിപ്പോവേണ്ടി വരുന്ന ഒരു ജനത. ജമാലുദ്ദീന്‍ എന്ന നിന്റെ പേരും  അന്‍വറുള്ള എന്ന എന്റെ പേരും കൊണ്ടു മാത്രം ഞാനുമൊരു ഇന്ത്യക്കാരനായിരുന്നു എന്ന് ദേശിയിലെ കഥാപാത്രങ്ങള്‍ പറയുമ്പോലെ ചിന്തിച്ച് പോവേണ്ടി വരുന്ന അവസ്ഥ. രാജ്യത്തെ ഒരു വിഭാഗം ജനതയുടെ ഈ നിസ്സഹായതയെ ദേശിയെന്ന നാടകത്തിലൂടെ ഹരിദാസ് എന്ന സംവിധായകന്‍ ഹയര്‍സെക്കന്‍ഡറി നാടക വേദിയിലൂടെ കാഴ്ചക്കാരിലെത്തിച്ചപ്പോള്‍ ദേശി ഓരോ കാഴ്ചക്കാരനും ഒരു മുന്നറിയിപ്പ് കൂടി നല്‍കുകയാണ്. നാവ് നഷ്ടപ്പെട്ട്  തുടങ്ങിയാല്‍ ഒരിക്കല്‍ നിങ്ങളും ഞാനൊരു ഇന്ത്യക്കാരനായിരുന്നു എന്ന് വിലപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ്.

ജില്ലാ കലോത്സവത്തിന് ശേഷം ഹിന്ദു സംഘടനകളുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറിയ ദേശി കാഞ്ഞങ്ങാടെത്തുമ്പോള്‍ മറ്റൊരു പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സന്നാഹമായിരുന്നു ഒരുക്കിയിരുന്നത്. പക്ഷെ സൂചി കുത്താന്‍ ഇടമില്ലാതായി മാറിയ മേലങ്കോട്ട് സ്‌കൂളിലെ  വേദിയില്‍ ദേശി അരങ്ങേറിയപ്പോള്‍ നിറഞ്ഞ സദസ്സ് നാടകത്തെ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ആസാം പൗരത്വത്തിന്റെ പേരില്‍ രാജ്യത്ത് നിന്ന് ഒരു സുപ്രഭാതത്തില്‍ പുറത്തേക്ക് പോവേണ്ടി വരുന്ന ജനതയെ അതിന്റെ എല്ലാ ഗൗരവത്തോടും കൂടിയാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.

ചരിത്രം മാറ്റിയെഴുതാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട് നാടകം. ഒപ്പം പേര് കൊണ്ട് മാത്രം എങ്ങനെ ചിലര്‍ ഭീകരവാദികളും മാവോയിസ്റ്റുകളുമാവുന്നുവെന്നതിന്റെ ഉള്‍ക്കാഴ്ച കൂടി നല്‍കുന്നു ദേശി. ചിലര്‍ക്ക് ചിലത് മറച്ച് വെക്കാനുള്ളപ്പോള്‍ അതിര്‍ത്തിയില്‍ വെടിയൊച്ചകല്‍  മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന് പറയുന്ന നാടകം ഭൂരിപക്ഷ ന്യൂനപക്ഷ കണക്ക് കൂട്ടലുകളെ തകര്‍ത്തെറിയുന്നുമുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും അഖണ്ഡതയ്ക്കും എതിരെന്ന് പറഞ്ഞായിരുന്നു നാടകത്തിനെതിരേ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. നാടകം നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒരു പ്രതിഷേധവുമില്ലാതെയാണ് നാടകം കാഞ്ഞങ്ങാട്ട് അരങ്ങ് തകര്‍ത്തത്.

ഈ മണ്ണില്‍ ജനിച്ച് അവസാന കാലത്ത് രേഖളുടെ പിന്‍ബലമുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ക്ക് ഇവിടെ സ്ഥാനം എന്ന് കല്‍പ്പിക്കപ്പെടുന്ന ഭരണകൂടത്തിനെതിരേയുള്ള കലഹമായി ദേശി മാറുന്നതിനൊപ്പം അവഹേളിക്കപ്പെടുന്ന ഒരു ജനതയ്ക്ക് പിന്‍ബലം കൂടിയായി മാറുന്നുണ്ട് നാടകം. നന്മ നിറഞ്ഞ ആസാമിലെ ഒരു ഗ്രാമീണ അന്തരീക്ഷം പ്രമേയമാക്കിയാണ് സംവിധായകന്‍ നാടകത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. അവസാനം രേഖകളുടെ  പേരില്‍, മുസ്ലീം നാമധേയത്തിന്റെ പേരില്‍ ജനിച്ച മണ്ണില്‍ നിന്ന് പുറത്ത് പോവേണ്ടി വരുന്ന ജമാലുദ്ദീന്റേയും അന്‍വറുള്ളയുടേയും കുടുംബം നാവ് നഷ്ടപ്പെടരുത് പ്രതിരോധിക്കുക എന്ന സന്ദേശം നല്‍കി നാടക വേദിക്ക് പുറത്തേക്ക് വരുമ്പോള്‍ അത് മൗതമൗലിക വാദികള്‍ക്കേതിരേ, ഫാസിസത്തിനേതിരേയുള്ള പോരാട്ടം കൂടിയാവുന്നു. ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പവന്‍ കെ പ്രമോദാണ് അന്‍വറുള്ളയായി അഭിനയിച്ച് വിസ്മയിപ്പിച്ചത്. രഞ്ജി റാം ജമാലുദ്ദീനുമാകുന്നു. നന്ദന വി, മിഥുല, സാന്ദ്ര, കെ.വി നന്മ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: desi drama kerala state school youth festival