പൂരനഗരിക്ക് സമാനമായിരുന്നു ശനിയാഴ്ച കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍. രാവിലെ ആണ്‍കുട്ടികളുടെ ഭരതനാട്യത്തിനുതന്നെ നിറഞ്ഞ സദസ്സായിരുന്നു. ഉച്ചയായതോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനമത്സരം കാണാന്‍ എല്ലാ ഊടുവഴികളിലൂടെയും ജനം സ്‌കൂളിലേക്ക് ഒഴുകി. ഗതാഗതം വഴിമുട്ടിയപ്പോള്‍ കളക്ടര്‍ നേരിട്ട് ഗതാഗതനിയന്ത്രണത്തിനിറങ്ങി.

സ്‌കൂളിലേക്കുള്ള റോഡ് വണ്‍വേയാക്കി. ഒപ്പനമത്സരം തുടങ്ങിയപ്പോഴേക്കും സദസ്സ് സൂചികുത്താനിടമില്ലാതെ നിറഞ്ഞിരുന്നു. സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായി. പിന്നീട് വന്നവര്‍ക്ക് ഗേറ്റ് കടന്ന് ഉള്ളിലേക്ക് വരാന്‍പോലും പറ്റാത്ത സ്ഥിതിയായി. നൂറുകണക്കിനുപേര്‍ നിരാശരായി മടങ്ങി. ഒപ്പനപോലൊരു ജനകീയകലയുടെ കാണികളെ ഉള്‍ക്കൊള്ളാവുന്ന വലുപ്പം ദുര്‍ഗ സ്‌കൂള്‍മുറ്റത്തിനില്ലെന്ന് കാഞ്ഞങ്ങാട്ടുകാര്‍ തന്നെ തെളിയിച്ചുകൊടുത്തു.

രാവിലെമുതല്‍ പൊടിയില്‍ കുളിച്ച അവസ്ഥയിലായിരുന്നു സദസ്സ്. ഒപ്പനയുടെ ഇശല്‍ നുണയാന്‍ ഈ തിരക്കിനിടയില്‍ നടിയും മുന്‍ കലാതിലകവുമായ വിന്ദുജാ മേനോനും കൂടി എത്തിയതോടെ സദസ്സില്‍ ആവേശം കൂടി. രാത്രി വൈകി മത്സരം മുഴുവന്‍ തീരുന്നതുവരെ ജനപ്രവാഹമായിരുന്നു ഈ വേദിയില്‍.

ഒന്നാമതായി മത്സരിക്കാനെത്തിയ ആലപ്പുഴ മാന്നാര്‍ നായര്‍സമാജം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് മൈക്കിന് ശബ്ദം കുറഞ്ഞതിനാല്‍ വീണ്ടും അവസരം നല്‍കേണ്ടിവന്നു. തുടക്കത്തില്‍ രണ്ട് മൈക്ക് മാത്രമേ സ്റ്റേജിലുണ്ടായിരുന്നുള്ളൂ. പരാതിയെത്തുടര്‍ന്ന് ഒന്നുകൂടിവെച്ചു.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Crowd rush Oppana Venue kalolsavam 2019