കാഞ്ഞങ്ങാട്: മഞ്ഞുതുള്ളി വൈരക്കല്ലായി മാറുന്ന കലോത്സവപാടത്തെ പുലരിയില്‍ അവനി പാടി-''ഇരുട്ടെങ്ങുപോയെങ്ങുപോയ്, പായെല്ലാം ചുരുട്ടുന്നു, ചുറ്റും വെളിച്ചം വെളിച്ചം...'' അതിയാമ്പൂര്‍ ഗ്രാമത്തെ ഈ സ്വരം ഉണര്‍ത്തിയപ്പോള്‍ വരികള്‍പോലെ 'വടക്കും പടിഞ്ഞാറുമ,ത്തെക്കു ദിക്കും' അതിജീവനത്തിന്റെ വെട്ടംനിറഞ്ഞു. എം.എന്‍. പാലൂരിന്റെ 'ഉഷസ്സ്' എന്ന കവിതയാണ് അവനി അര്‍ഥമറിഞ്ഞ് പാടിയത്. കഴിഞ്ഞദിവസം കീമോ ചെയ്തതിന്റെ ക്ഷീണം അല്ലലുണ്ടാക്കാത്ത ദൃഢ മധുരശബ്ദമായിരുന്നു അത്.
അര്‍ബുദത്തെ തോല്‍പ്പിച്ച അവനി എ ഗ്രേഡ് ചിരിവെട്ടം നിറച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്.എസ്.എസിലെ അസംബ്ലിയില്‍ എന്നും പ്രാര്‍ഥനചൊല്ലിയിരുന്ന ഈ ഒന്‍പതാംതരക്കാരി മത്സരിച്ചത് മറ്റുകുട്ടികളോടല്ല, ഇരുട്ടിലാക്കാന്‍ നോക്കിയ വിധിയോട്.
ഒന്നാംക്ലാസ് മുതല്‍ കലോത്സവ വേദികളില്‍ സജീവമാണ് അവനി. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്. എട്ടാം ക്ലാസില്‍ പഠിക്കവേ കഴിഞ്ഞവര്‍ഷം നവംബറിലാണ് അര്‍ബുദമെത്തിയത്. തളരാതെ അവള്‍ പൊരുതി. പഠിച്ചു. ഉച്ചത്തില്‍ പാട്ടുപാടി.
ചികിത്സകളുടെ അവധിയില്ലാക്കാലമായപ്പോള്‍ പഠനം അല്പം മുടങ്ങി. കൂട്ടിരിക്കാന്‍ പക്ഷേ, സങ്കടങ്ങളെ അനുവദിച്ചില്ല. അവള്‍ സംഗീതത്തെ ചേര്‍ത്തുപിടിച്ചു. കര്‍ണാടക സംഗീതപഠനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുനേടി. ചികിത്സയിലായിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം കലാവേദികളില്‍ എത്തിയില്ല. കാഞ്ഞങ്ങാട്ട് ആ കുറവുതീര്‍ത്തു. കഥകളിസംഗീതത്തിലും എ ഗ്രേഡ് നേടി.
വെഞ്ഞാറമ്മൂട്ടില്‍ പച്ചക്കറി വ്യാപാരിയായ അച്ഛന്‍ സന്തോഷും അമ്മ സജിതയും സ്‌കൂളിലെ അധ്യാപകരുമാണ് കരുത്ത്. കലാഭാരതി ബിജുനാരായണനും നീരജുമാണ് ഗുരുക്കള്‍.
Content Highlights: Cancer Survivor Avani Kalolsavam 2019