നാട്ടില്‍ കഥയൊരു അറബിനാടകമായതും വേദി നിറഞ്ഞതും കഥാകൃത്തറിഞ്ഞില്ല. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥ 'ബിരിയാണി' സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകമായി. ആലപ്പുഴ നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. ആണ് ബിരിയാണിയുമായെത്തിയത്. മത്സരത്തിന്റെ വെപ്രാളത്തില്‍ കഥാകൃത്തിനെ കാണാനായില്ലെങ്കിലും കഥയുടെ ഗാംഭീര്യമുയര്‍ത്തി എ ഗ്രേഡ് നേടി. സമകാല ഇന്ത്യന്‍ അവസ്ഥ വെളിപ്പെടുത്തുന്ന ബിരിയാണി എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് അറബി അധ്യാപകനായ സുഹൈല്‍ അസീസ് വായിച്ചത്. ഇംഗ്ലീഷ് അധ്യാപകനായ ആര്‍. സന്തോഷ് ബാബു സംവിധായകനുമായെത്തിയപ്പോള്‍ അഭിനേതാക്കളായി കുട്ടികളും റെഡി.

മുഹമ്മദ് യഹിയ, മുഹമ്മദ് റിയാസ്, അബ്ദുല്‍ ബാസിത്, ആമിന റഹീം, സജ്‌ന എസ്., നിഷാന എന്‍., നാദിയാ നൗഷാദ്, ഷിഫാന ഡി., ഫാത്തിമ എന്‍., സാലിഹ് എസ്., ഫൈസല്‍ കെ., ശിജാസ് എസ്., ഫഹദ് എന്നിവര്‍ കഥാപാത്രങ്ങളായി. അപ്പോള്‍ മലയാളിയുടെ ഭക്ഷണധൂര്‍ത്തും ചുരുങ്ങുന്ന സാമൂഹികബോധവും ജീവിതം എത്രമാത്രം ദരിദ്രവുമാണെന്ന് വെളിപ്പെട്ടു. സുലൈമാന്‍ ഹാജിയുടെ വീട്ടിലെ വിരുന്നിലൂടെയാണ് നാടകം വളര്‍ന്ന് വികസിച്ചത്. മിച്ചം വന്ന ബിരിയാണി വെട്ടിമൂടാന്‍ എത്തിയ ഗോപാല്‍ യാദവ് നൊമ്പരമഴയായി. മകള്‍ക്ക് ബസ്മതി എന്ന് പേരിട്ട ബിഹാറുകാരന്‍. ബസ്മതി വിളയിക്കുന്ന നാട്ടില്‍നിന്നും എത്തിയവന്‍. ബിരിയാണി ചവിട്ടിത്താഴ്ത്തുമ്പോള്‍ ബസ്മതിയുടെ നിലവിളി അയാള്‍ കേട്ടു. അത് മകളുടെതാണോ ഉത്പാദിപ്പിച്ചിട്ടും കഴിക്കാന്‍ കഴിയാതെ വിശന്നുവലയുന്ന കര്‍ഷകന്റെയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നതുമില്ല. വേര്‍തിരിക്കാനാവാത്ത നൊമ്പരത്തില്‍ സദസ്സിരിക്കുമ്പോള്‍ സി.ബി.എം. സ്‌കൂള്‍ 12-ാം തവണയും എ ഗ്രേഡ് കിരീടം ചൂടി.

Content Highlights: Santhosh Echikkanam Story Biriyani as Drama State School Kalolsavam 2019 

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE