'വലുതാവുമ്പോ വലിയൊരു ന്യത്തവിദ്യാലയം നടത്തണം എന്നിട്ട് പൈസ വാങ്ങാണ്ട് ഡാന്‍സ് പഠിപ്പിക്കണം എന്റെ ടീച്ചറെ പോലെ'- ഇത്തിരി നാണത്തോടെ തന്റെ സ്വപ്നങ്ങളെപ്പറ്റി പറയുമ്പോഴും മത്സരവീര്യത്തിന് യാതൊരു കുറവും ഈ കൊച്ചുമിടുക്കിയുടെ മുഖത്തില്ല. പാലക്കാട് കൂത്താമ്പുള്ളിയിലെ നെയ്ത്ത് ഗ്രാമത്തില്‍ നിന്നാണ് നന്ദന വരുന്നത്. തിരുവില്വാമല ജി.വി.എച്ച്.എസ് സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദന. എച്ച് എസ് വിഭാഗം ഭരതനാട്യം മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കി
വളരെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് ഡാന്‍സില്‍ കഴിവുണ്ടെന്ന് അവളുടെ ടീച്ചര്‍മാര്‍ കണ്ടെത്തി. അവരാണ് ഡാന്‍സ് പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തത്, അന്നൊക്കെ നെയ്ത്തായിരുന്നു പ്രധാന തൊഴില്‍ എന്നാല്‍ അത് കൊണ്ടൊന്നും ജീവിതം മുന്നോട്ട് പോയിരുന്നില്ല. അക്കാലത്ത് വളരെ കഷ്ടപെട്ടിട്ടാണ് ഇവളെ പഠിപ്പിച്ചത്. എട്ട് വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന നന്ദനയുടെ ആദ്യത്തെ സ്ംസ്ഥാന കലോത്സവമാണിത്. ഞങ്ങള്‍ കൂലിപ്പണിക്കാണ് പോവുന്നത് നന്ദനയുടെ അമ്മ പറയുന്നു
നാലാം ക്ലാസ്സില്‍ സബ് ജില്ലയില്‍ ഭരതനാട്യത്തിന് എനിക്ക് സമ്മാനം ലഭിച്ചിരുന്നു, അങ്ങനെ എനിക്കും ഇതെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ധൈര്യം ലഭിച്ചു.പിന്നീട് ഡാന്‍സ് മാത്രമായിരുന്നു മനസ്സില്‍- നന്ദന സന്തോഷത്തോടെ പറയുന്നു
എത്ര കഷ്ടപ്പെട്ടാണെങ്കിലും അവളുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്നാണ് അമ്മയുടെയും അച്ഛന്റെയും ആഗ്രഹം. അവളുടെ സ്വപ്നത്തിന് വേണ്ടി ഏതറ്റം വരെയും പോവാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനായി പണം കണ്ടെത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. കടം വാങ്ങിയാണ് മത്സരത്തിന് നന്ദനയെ കൊണ്ടു വന്നിരിക്കുന്നത്.
വിജയിച്ചാല്‍ എട്ട് വര്‍ഷമായി പഠിപ്പിക്കുന്ന ടീച്ചര്‍ക്കും അമ്മയ്ക്കുമാണ് അത് സമര്‍പ്പിക്കുകയെന്നാണ് നന്ദന പറയുന്നത്. ഫീസ് ചോദിച്ച് വാങ്ങാതെയാണ് ടീച്ചര്‍ നന്ദനയെ പഠിപ്പിക്കുന്നത്.
പഠിക്കുന്നതിനേക്കാള്‍ ന്യത്തമാണ് നന്ദനയ്ക്കിഷ്ടം, എല്ലാ കുട്ടികളും ഒരേ പോലെ പഠിക്കില്ലല്ലോ ചിലര്‍ക്ക് മറ്റു ചില കഴിവുകളായിരിക്കുമെന്നാണ് അമ്മയുടെ പക്ഷം.
ഇടവേളകളില്‍ കളിച്ചും പ്രാക്ടീസ് ചെയ്തും ഈ കൊച്ചുമിടുക്കി മത്സരത്തിനായി തയ്യാറെടുക്കുകയാണ്. തന്റെ സ്‌ക്കൂളിന് വേണ്ടി സമ്മാനം നേടി പോവുമെന്ന് പറയുമ്പോള്‍ മത്സരവീര്യത്തിന് യാതൊരു കുറവുമില്ല.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: bharathanatyam contestant nandana sharing experience state school youth festival