ഞങ്ങള്‍ ജനിച്ചിട്ട് ആദ്യമായാണ് കാസര്‍കോട് കലോത്സവമെത്തുന്നത്. പക്ഷേ ആളും ആരവുമായി കലോത്സവം തൊട്ടടുത്ത് നടക്കുമ്പോഴും ഫോണിലാണ് കലോത്സവം കാണുന്നത്. കാണാന്‍ പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് നടക്കുമോന്ന് അറിയില്ല- അസീറ പറയുകയാണ്.
പേശീസംബന്ധമായ ജനിതകരോഗം ബാധിച്ച് ചലനശേഷിയില്ലാത്ത കുട്ടികളാണ് അസീറയും ആമിനയും. ഒരുപാട് വായിക്കുന്ന, കഥകളെഴുതുന്ന അസീറക്കും സിനിമകള്‍ ഇഷ്ടപ്പെടുന്ന കുറുമ്പി ആമിനക്കും സ്‌കൂള്‍ മുറ്റം അന്യമാണ്. പടന്ന എടച്ചക്കൈയിലെ അറഫാത്തിന്റെയും അയിഷയുടേയും മക്കളാണ് ഇരുവരും.
ഒന്‍പതാംക്ലാസിലാണ് അസീറ പഠിക്കുന്നത്. ആമിന ഏഴാംക്ലാസിലും.അസീറ രണ്ടാംക്ലാസിലായതു മുതലാണ് വെള്ളൂര്‍ സ്വദേശിയും എല്‍ ഇ ഡി സി റിസോഴ്സ് അധ്യാപികയുമായ രോഷ്നി ഇരുവര്‍ക്കും വീട്ടിലെത്തി ക്ലാസ് നല്‍കുന്നത്. എല്ലാ ബുധനാഴ്ചയും ഒരു നിശ്ചിതസമയം ടീച്ചര്‍ ഇവരോടൊപ്പമുണ്ടാകും.
ടീച്ചര്‍ ആദ്യമായി അസീറയെ കാണുമ്പോള്‍ അസീറക്ക് അക്ഷരങ്ങള്‍ എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. പിന്നീട് എല്ലാ ആഴ്ചയിലും എത്തി കുറച്ചായി പറഞ്ഞുകൊടുത്തു. എന്നാല്‍ ഞാന്‍ ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തതിനെക്കാള്‍ എത്രയോ വേഗത്തില്‍ അസീറ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു. നന്നായി വരക്കാനും കളര്‍ ചെയ്യാനുമെല്ലാം അസീറ മിടുക്കിയായിരുന്നു. അസീറയുടെ ബുക്കുകളും എഴുത്തുകളുമെല്ലാം കണ്ടാണ് അനുജത്തി ആമിന അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്. അങ്ങനെ പിന്നീട് അസീറയോടൊപ്പം ആമിനയും പഠിക്കാന്‍ തുടങ്ങി.
വായന ഏറെ ഇഷ്ടമാണ് അസീറക്ക്. എഴുപതോളം ബുക്കുകള്‍ അസീറ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ കഥ തന്നെ എഴുതുകയാണ് അസീറ. ഏറെക്കുറേ പൂര്‍ത്തിയാക്കി തിരുത്തലുകള്‍ നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍. ആദ്യമൊക്കെ പേന പിടിച്ച് എഴുതാനും വരയ്ക്കാനുമൊക്കെ സാധിക്കുമായിരുന്നുവെങ്കിലും ഈ അടുത്തിടെയായി കഴിയാറില്ല. ഇപ്പോള്‍ ഫോണിലാണ് ടൈപ്പ് ചെയ്യുന്നത്. അത് ഒരു ബുക്കായി പബ്ലിഷ് ചെയ്യണമെന്നാണ് ആഗ്രഹം.
അനുജത്തി ആമിനക്ക് സിനിമയും ടിക് ടോക്കുമൊക്കെയാണ് ഇഷ്ടം. ഇനിയും രണ്ട് നാള്‍ കൂടിയുണ്ടെങ്കിലും ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കൂടിയുള്ളതിനാല്‍ തങ്ങള്‍ക്ക് അടുത്ത് ആദ്യമായി എത്തിയ കലോത്സവ കാഴ്ചകള്‍ നഷ്ടമാകുമെന്ന് വിഷമത്തിലാണ് ഇരുവരും.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE