കാഞ്ഞങ്ങാട്: സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ മത്സരശേഷം വേദിയില്‍ പറയുന്ന ഫലം അന്തിമമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അന്തിമം അതിനുമപ്പുറമാവും.
അപ്പീല്‍വഴി എത്തുന്നവരുടെ ഫലങ്ങളാണ് ചിലപ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാറുന്നത്. ജില്ലയില്‍നിന്ന് അപ്പീല്‍വഴി വരുന്ന കുട്ടിക്ക് വിധികര്‍ത്താവ് എ ഗ്രേഡ് നല്‍കിയാലും ചിലപ്പോള്‍ വെബ്‌സൈറ്റില്‍ ഫലം വരുമ്പോള്‍ കാണണമെന്നില്ല. ജില്ലയില്‍ ഒന്നാമതെത്തിയ കുട്ടിയെക്കാള്‍ മാര്‍ക്ക് കൂടുതല്‍ കിട്ടിയെങ്കില്‍ മാത്രമേ ആ എ-ഗ്രേഡിന് സാധുതയുള്ളൂ.
അല്ലാത്തപക്ഷം ഗ്രേഡിന്റെ സ്ഥാനത്ത് പൂജ്യം എന്നാവും രേഖപ്പെടുത്തുക. ഈ കുട്ടിക്ക് സര്‍ട്ടിഫിക്കറ്റോ ട്രോഫിയോ ഉണ്ടാവില്ല. ഗ്രേസ് മാര്‍ക്കിനും അര്‍ഹത ഉണ്ടാവില്ല. കുട്ടി അപ്പീലിലാണോ അല്ലയോ എന്നത് വിധികര്‍ത്താക്കള്‍ക്ക് അറിയില്ല. അവര്‍ ഇടുന്ന മാര്‍ക്കുകള്‍ പിന്നീട് കണക്കാക്കുന്നത് കംപ്യൂട്ടറാണ്. കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്വേര്‍, അതില്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അന്തിമഫലം തയ്യാറാക്കും. 15 മിനിറ്റിനകം വെബ്‌സൈറ്റില്‍ അപ്്ലോഡ് ചെയ്യും. എ ഗ്രേഡ് കിട്ടിയവര്‍ ആദ്യം ഈ പട്ടികയില്‍ ഉണ്ടാവും. തുടര്‍ന്നുള്ള ഗ്രേഡുകള്‍ താഴോട്ട് ചേര്‍ക്കും. ഗ്രേഡില്ലാത്തവരായിരിക്കും അവസാനം. അക്ഷരമാലാക്രമത്തിലായിരിക്കും ഓരോ ഗ്രേഡുകാരെയും ഉള്‍പ്പെടുത്തുക. പട്ടികയില്‍ ഒന്നാമത് വരുന്ന എ ഗ്രേഡ് കുട്ടിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് എന്നാവണമെന്നില്ല.
മാര്‍ക്ക് കുട്ടിയെ അറിയിക്കുകയുമില്ല. വ്യക്തമായ ആവശ്യം ചൂണ്ടിക്കാട്ടി കൊടുക്കുന്ന വിവരാവകാശ അപേക്ഷയില്‍ മാര്‍ക്കിന്റെ വിവരങ്ങള്‍ ലഭിക്കും. പക്ഷേ, ഇത് നിശ്ചിത സമയത്തിനുശേഷമേ കിട്ടൂ.
Content Highlights: Appeal and A grade State School youth festival 2019