വേദിയില്‍ ഫാത്തിമ അന്‍ഷി ശാസ്ത്രീയ സംഗീതം ലയിച്ച് പാടുമ്പോള്‍ സദസ്സില്‍ അമ്മ ഷംലയും അച്ഛന്‍ അബ്ദുള്ള ബ്യാരിയും നിറഞ്ഞ മനസോടെയാണ് ഇരിക്കുന്നത്. മലപ്പുറം ജില്ലയിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ച് അന്‍ഷി വൈകല്യങ്ങളെ പോരാടി തോല്‍പ്പിക്കുകയാണ്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഫാത്തിമ.

ഞങ്ങള്‍ക്ക് ഒരു മകളാണ്. ജന്മനാ കാഴ്ച്ചയില്ലാതെയാണ് ഫാത്തിമ ജനിച്ചത്. ആദ്യമൊക്കെ വല്ലാത്ത വിഷമമായിരുന്നു ഒരുപാട് രാത്രികള്‍ ഉറക്കം വരാതെ കഴിച്ചു കൂട്ടിയിട്ടുണ്ട്. ഉറക്ക ഗുളികകള്‍ക്ക് പോലും എന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാഴ്ച്ചയില്ലാത്ത ഈ പൊന്നുമോളെ എന്ത് ചെയ്യുമെന്ന് വിചാരിച്ചു. എന്നാല്‍ ഇന്ന് എന്റെ ഫാത്തിമ എനിക്ക് അഭിമാനമാണ് - അല്‍പമൊന്ന് തൊണ്ടയിടറിയെങ്കിലും മകളെ തലോടി അമ്മ ഷംല പറയുന്നു.

മലപ്പുറം ആര്‍.എച്ച്.എസ്.എസ് മേലാറ്റൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫാത്തിമ. ആറ്റുവാശ്ശേരി മോഹനന്‍ പിള്ളയാണ് ഫാത്തിമയുടെ ഇപ്പോഴത്തെ അധ്യാപകന്‍. കഴിഞ്ഞ രണ്ട് കൊല്ലമായി മലപ്പുറത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഫാത്തിമ എത്തുന്നുണ്ട്.

kalolsavam

വളരെ ചെറുപ്പത്തില്‍ തന്നെ പാടുമായിരുന്ന ഫാത്തിമയ്ക്ക് പരിശീലനം നല്‍കാന്‍ മുന്‍കയ്യെടുത്തത് അധ്യാപകരാണ്. പതിയെ ഗൗരവത്തോടെ തന്നെ ഈ അഭിരുചിയെ വീട്ടുകാരും ഏറ്റെടുത്തു. ശാസ്ത്രീയ സംഗീതത്തില്‍  സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി സമ്മാനം നേടിയ ഫാത്തിമ ഒട്ടും പേടിയില്ലാതെയാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്.

ഏഴാം ക്ലാസ് വരെ മങ്കടയിലെ സ്പെഷ്യല്‍  സ്‌ക്കൂളിലാണ് ഫാത്തിമ പഠിച്ചത്. പിന്നീട് സാധാരണ സ്‌കൂളിലേക്ക് മാറ്റുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു എന്നാല്‍ ഫാത്തിമ അതിനെ വലിയൊരു സാധ്യതയായാണ് കണ്ടിരുന്നത്. മറ്റുള്ളവരില്‍ നിന്ന് ഒരുപടി മുന്നിലെത്തണമെന്ന് മാത്രമാണ് ഫാത്തിമയുടെ ആഗ്രഹം. ഒന്നിലും പുറകോട്ട് പോവാന്‍ ഫാത്തിമ താല്‍പര്യപ്പെട്ടിരുന്നില്ല. ഏഴാം ക്ലാസിന് ശേഷം ഇംഗ്ലീഷ് മീഡിയം പഠിക്കണമെന്നതും ഫാത്തിമയുടെ തീരുമാനം മാത്രമായിരുന്നു

കൂടുംബത്തിലെ മറ്റു ചിലര്‍ക്കൊക്കെ ശാസ്ത്രീയ സംഗീതം പഠിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ അവളുടെ ഇഷ്ടമാണ് ഞങ്ങള്‍ക്ക് വലുത്. സംഗീതത്തെ അവള്‍ അത്രയധികം പ്രണയിക്കുന്നുണ്ട്. ആരെങ്കിലും പാട്ട് പാടുമ്പോള്‍ ശ്രുതി തെറ്റിയാലോ സംഗതി പോയാലോ ക്യത്യമായി കണ്ടു പിടിക്കും ഇവള്‍ - ഉമ്മ പറയുന്നു.

മാപ്പിള പാട്ട് റിയാലിറ്റ് ഷോയില്‍ ഫൈനലിസ്റ്റായ ഫാത്തിമ നേത്രദാന സന്ദേശത്തിന് പ്രചാരണം നല്‍കുന്ന സംഘടനയില്‍ സജീവമാണ്. വലുതാവുമ്പോള്‍ ഐ.എഫ്.എസ് ഓഫീസറാവാനാണ് ഫാത്തിമയുടെ ആഗ്രഹം. 

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: anshi fathima classical singer contestant state school youth festival