ചെറുപുഞ്ചിരി... ഇടയ്‌ക്കൊന്ന് കണ്ണിറുക്കല്‍... ഒപ്പംനിന്നൊരു സെല്‍ഫി... ഒത്തിരിസമയത്തിനുള്ളില്‍ 'ദിശ'യിലെ ശ്രദ്ധമുഴുവന്‍ അനശ്വരാ രാജനില്‍. കീര്‍ത്തിയെന്ന് വിളിച്ചായിരുന്നു ചിലരുടെ ഷെയ്ക്ക്ഹാന്‍ഡ്. മറ്റുചിലര്‍ക്ക് നാവിന്‍തുമ്പില്‍ വന്നത് അശ്വതിയെന്നാണ്. ഉദാഹരണം സുജാതയിലെ ആതിരയല്ലേ അതെന്ന് വേറെ ചിലരുടെ കമന്റ്.
തിക്കിയും തിരക്കിയും അവള്‍ക്കൊപ്പം വട്ടംചുറ്റിനിന്ന് ഫോട്ടോ എടുക്കാനുള്ള തത്രപ്പാട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അതിനിടയില്‍ അധ്യാപകരും... എല്ലാവര്‍ക്കും സെല്‍ഫിയെടുക്കണം. താരപരിവേഷമൊന്നും കാണിക്കാതെഅനശ്വര അതിനെല്ലാം നിന്നുകൊടുത്തു. 'ദിശ' പ്രദര്‍ശനനഗരി ചുറ്റിക്കണ്ടു. സ്‌കൂള്‍മുറ്റത്തെ പൊരിവെയില്‍ക്കൂടി ആയപ്പോള്‍ തളര്‍ന്നുപോയി. ക്ഷീണംതീര്‍ക്കാന്‍ അതാ വരുന്നു തണ്ണീര്‍മത്തന്‍.
ഇത് കഴിക്കുമ്പോഴും കുട്ടികളുടെ സെല്‍ഫിക്ക് നിന്നുകൊടുത്തു. ഇപ്പോഴാണ് ശരിക്കും 'തണ്ണീര്‍മത്തന്‍ദിന'മായതെന്ന് കമന്റും. അച്ഛന്‍ രാജനും അമ്മ ഉഷാ രാജനുമൊപ്പമാണ് അനശ്വര കലോത്സവവേദിയിലെത്തിയത്. ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 'ദിശ' പ്രദര്‍ശനം. വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക്' സിനിമിയുടെ ഷൂട്ടിങ് തിരക്ക് കഴിഞ്ഞതേയുള്ളൂ. മലപ്പുറത്തായിരുന്നു ഷൂട്ടിങ്. സംഘാടകരുമായി ചില സിനിമാവിശേഷങ്ങളും പങ്കുവെച്ചു. ആദ്യരാത്രിയിലെ 'അശ്വതി' കസര്‍ത്തുവെന്ന അഭിനന്ദനം.
തണ്ണീര്‍മത്തന്‍ദിനങ്ങളിലെ കീര്‍ത്തിയോളം വരില്ലെന്ന വേറെ ചില കമന്റുകളും. അഞ്ചാംതരംമുതല്‍ എട്ടാംതരംവരെ മോണോആക്ട് അവതരിപ്പിച്ചതും അതൊക്കെ സ്‌കൂള്‍തലത്തിലൊതുങ്ങിയതും ഓഡിഷനല്‍ കഴിവുകാട്ടി ഉദാഹരണം സുജാതയിലേക്ക് സിനിമാ എന്‍ട്രി നേടിയതുമെല്ലാം പറഞ്ഞ് ഒത്തിരിസമയം ചെലവഴിച്ചു. കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട്ട് വന്നതിനെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യത്തിന്, കരിവെള്ളൂര്‍കാരിയായ തനിക്ക് ഇതിനെക്കാള്‍ വലിയ സന്തോഷമുണ്ടോയെന്ന് മറുപടിയും.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Anaswara Rajan visits Disha Expo Kalolsavam 2019