സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളുടെ ക്രമക്കേടുകള്‍ തടയാന്‍ 'സമ്പൂര്‍ണ' സോഫ്റ്റ്വേര്‍ മാതൃകയിലുള്ള പരിഷ്‌കാരവുമായി വിദ്യാഭ്യാസവകുപ്പ്. വിദ്യാര്‍ഥികളുടെ ഫോട്ടോയും ആധാര്‍നമ്പരും സഹിതം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തതായിരുന്നു സമ്പൂര്‍ണ എന്ന മാതൃക. പ്രായത്തട്ടിപ്പ് അടക്കമുള്ള ക്രമക്കേടുകള്‍ തടഞ്ഞത് ഈ നടപടിയാണ്. വിധികര്‍ത്താക്കളുടെ വിവരങ്ങളും ഈ രീതിയില്‍ സൂക്ഷിക്കാനാണ് ആലോചന.

നിലവില്‍ വിധികര്‍ത്താക്കളുടെ വിവരം വകുപ്പിന്റെ കൈവശമുണ്ടെങ്കിലും അവരെക്കുറിച്ചുള്ള ആരോപണം എളുപ്പം കണ്ടുപിടിക്കുക സാധ്യമല്ല. സംസ്ഥാന കലോത്സവത്തിന് നിയോഗിക്കും മുന്‍പ് സത്യവാങ്മൂലം എഴുതിവാങ്ങുകയാണ് നിലവില്‍ ചെയ്യുന്നത്. സബ്ബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ വിധിനിര്‍ണയത്തിന് പോയിട്ടില്ലെന്ന ഉറപ്പാണ് വാങ്ങുന്നത്. വിധികര്‍ത്താക്കളുടെ വിവരം ആധാര്‍സഹിതം ഡിജിറ്റലൈസ് ചെയ്താല്‍ എല്ലാ വിവരവും വിരല്‍ത്തുമ്പില്‍ കിട്ടും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കാണ് ഇതിനുള്ള ചുമതല നല്‍കുക.

ജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കളായി വന്നവരോ ആരോപണത്തിന് വിധേയരായവരോ സംസ്ഥാന കലോത്സവത്തില്‍ മൂല്യനിര്‍ണയത്തിന് വരുന്നത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇക്കുറിയും പല വേദികളിലും വിധികര്‍ത്താക്കളെ ചൊല്ലി ബഹളമുണ്ടായി. ജില്ലാ കലോത്സവത്തില്‍ ചില ഗുരുക്കന്‍മാരുടെ സുഹൃത്തുക്കളായ വിധികര്‍ത്താക്കള്‍ വന്നത് മത്സരം തടസ്സപ്പെടുത്തുന്നിടംവരെ കാര്യങ്ങള്‍ എത്തിച്ചു. മുന്‍പ് വിലക്കിന് വിധേയരായവര്‍ വീണ്ടും വരാന്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു.

പരിഷ്‌കരണത്തിന് ആവശ്യം

കലോത്സവ മാന്വല്‍ രണ്ടുവര്‍ഷം മുന്‍പ് പരിഷ്‌കരിച്ചുവെങ്കിലും ഇനിയും മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പുതിയ ഇനങ്ങള്‍ ചേര്‍ക്കുന്നതടക്കമുള്ള അഭ്യര്‍ഥനകളും കിട്ടുന്നു. വിധികര്‍ത്താക്കളായി വിദഗ്ധരെ കിട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചേ പുതിയ ഇനങ്ങള്‍ ചേര്‍ക്കാനാകൂ. മാറ്റങ്ങള്‍ക്ക് പരിഷ്‌കരണ കമ്മിറ്റി രൂപവത്കരിക്കണം. ഇതിന് തീരുമാനം ആയിട്ടില്ല. കലോത്സവം നാലുദിവസമാക്കിയത് മാറ്റണോ എന്നതും ചോദ്യമാണ്. വേദികളുടെ എണ്ണം കൂട്ടിയാണ് ദിവസം കുറച്ചത്. ഗ്രാമങ്ങളിലേക്ക് മത്സരം മാറണമെന്ന് വിദ്യാഭ്യാസമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. 28 വേദികള്‍ കണ്ടെത്തുകയാണ് പ്രധാനം. അടിസ്ഥാനസൗകര്യങ്ങളുള്ള സ്‌കൂളുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് വെല്ലുവിളി.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Adhar Judge Bank Kalolsavam 2019 Mathrubhumi Exclusive story