തൃശ്ശൂർ: വേദിയിൽ കയറുന്നതിനു മുൻപേ താരമായിരുന്നു വൈഷ്ണവ് ഗിരീഷ്. മത്സരം കഴിഞ്ഞപ്പോൾ മൂന്നിനങ്ങളിൽ ‘എ’ ഗ്രേഡ് നേടി ഒന്നുകൂടി തിളങ്ങി. സെൽഫികൾക്കായി ആരാധകരും ഒപ്പംകൂടി. മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ വൈഷ്ണവിന് ഗസൽ, ലളിതഗാനം, ഉറുദു സംഘഗാനം എന്നിവയിലാണ് ‘എ’ ഗ്രേഡ്‌. ചാനൽ പരിപാടികളിലൂടെ കേരളത്തിലെ സംഗീതപ്രേമികളുടെ പ്രിയങ്കരനായിരുന്നു വൈഷ്ണവ്. 

മലയാള ചാനലുകളിൽ മാത്രമല്ല, ദേശീയ ചാനലുകളിലും ശ്രദ്ധാകേന്ദ്രമായി. സോണി ചാനലിന്റെ ഇന്ത്യൻ ഐഡൽ ജൂനിയർ പരിപാടിയിൽ ഫൈനലിലെത്തി. സീ ടി.വി.യിലെ സരിഗമ ലിറ്റിൽമാൻസിൽ ആദ്യ റണ്ണർ അപ്പായി. ഈ പരിപാടിയിലെ അതിഥിയായെത്തിയ സൂപ്പർ താരം ഷാരൂഖ് ഖാനെ വൈഷ്ണവ് പൊക്കിയെടുത്തത് വാർത്തയായിരുന്നു. അതോടെ ആരാധകരും കൂടി.  

കൊടുങ്ങല്ലൂർ കീർത്തനയിൽ കനറാ ബാങ്ക് ഉദ്യോഗസ്ഥനായ ഗിരീഷിന്റെയും മിനി വി. മേനോന്റെയും മകനാണ്. കൊടുങ്ങല്ലൂരിലെ പവിത്രൻ, നൗഷാദ്, ഷരീഫ് എന്നിവരാണ് ഗുരുനാഥൻമാർ.