ശുത്തൊഴുത്തു കാണാത്തവര്‍ എത്രപേരുണ്ട്, വളക്കുഴിയോ. പുതിയ തലമുറയോടാണെങ്കില്‍ ചോദ്യത്തിന് പ്രസക്തിയുണ്ട്. അത്തരക്കാര്‍ക്കായി ഒരു കുഞ്ഞു വിസ്മയം കലോത്സവനഗരിയില്‍ ഒരുക്കിയിട്ടുണ്ട്. പശുത്തൊഴുത്തും വളക്കുഴിയും മുതല്‍ വെര്‍ട്ടിക്കല്‍ ഫാമും മത്സ്യക്കുളവും വരെ ഇവിടെയുണ്ട്

കൃഷിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ സംയോജിച്ചാണ് കലോത്സവനഗരിയില്‍ വേറിട്ട പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കും വെജിറ്റബിള്‍ ആന്റ് ഫ്രൂഡ് പ്രമോഷന്‍ കൗണ്‍സിലിനുമൊക്കെ ഇവിടെ പ്രദര്‍ശന സ്റ്റാളുകളുണ്ട്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സ്റ്റാളിലാണ് മത്സ്യക്കുളവും പശുത്തൊഴുത്തും ഒക്കെയുള്ളത്.

പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് മിനി ഫാം പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. സമ്മിശ്രക്കൃഷിരീതിയെന്നാലെന്ത്, വെര്‍ട്ടിക്കല്‍ ഫാമിങ് എങ്ങനെ ചെയ്യാം, വളക്കുഴി എങ്ങനെ നിര്‍മ്മിക്കാം എന്നതിനൊക്കെ ഇവിടെ മാതൃകകളുണ്ട്. സംശയങ്ങള്‍ക്കുള്ള ഉത്തരവും റെഡി. ഇതിനു പുറമേ വിപുലമായ പരിപാടികളാണ്  കലോത്സവദിവസങ്ങളില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായി ഉപന്യാസ മത്സരം, കാര്‍ഷിക ക്വിസ്, അടിക്കുറിപ്പ് തയ്യാറാക്കല്‍  മത്സരം തുടങ്ങി കൃഷി മന്ത്രിമായുള്ള സംവാദപരിപാടി വരെ ഇവിടെ അരങ്ങേറും. കുട്ടികള്‍ക്കായി സൗജന്യ വിത്തുവിതരണം വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രെമോഷന്‍ കൗണ്‍സില്‍ നടത്തും. കലോത്സവചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് കൃഷിവകുപ്പ് പരിപാടികളുമായി മേളയ്ക്കെത്തുന്നത്.