തൃശൂര്‍: ഇത്തവണ കലോത്സവത്തിനൊരുക്കിയിട്ടുള്ള വേദികള്‍ക്കിടയില്‍ താരമാവുകയാണ് സാംസ്‌കാരികോത്സവത്തിനായി തയ്യാറാക്കിയിട്ടുള്ള 'നിശാഗന്ധി'. തേക്കിന്‍കാട് മൈതാനത്ത് തെക്കേ ഗോപുരനടയിലാണിത്. പതിനായിരം ചതുരശ്ര അടി വലുപ്പമുള്ള പന്തലൊരുക്കിയത് ഈമേഖലയില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഉമ്മര്‍ പടപ്പാണ്. പതിനാറ് കലോത്സവങ്ങള്‍ക്കാണ് ഉമ്മര്‍ക്ക ഇതുവരെ പന്തല്‍ തയ്യാറാക്കിയിട്ടുള്ളത്. 

ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പന്തലാണ് നിശാഗന്ധിയുടേത്. അലൂമിനിയം ഫ്രെയിമുകളും നൈലോണ്‍ ഷീറ്റുമെല്ലാം ജര്‍മനിയില്‍നിന്ന് ഇറക്കുമതിചെയ്തതാണ്. പ്രദര്‍ശനങ്ങള്‍ക്കായി ഉപയോഗിക്കാറുള്ള ഇത്തരം പന്തല്‍ സ്‌കൂള്‍ കലോത്സവത്തിന് ആദ്യമായാണ് ചെയ്യുന്നതെന്ന് ഉമ്മര്‍ക്ക പറയുന്നു. മറ്റു പന്തലുകളുടേതുപോലെ സീലിങ് ചെയ്യേണ്ട ആവശ്യമില്ല, ഉള്ളിലെ ചൂട് താരതമ്യേന കുറവ്, പണിയാനും പിന്നീട് വലുപ്പം കൂട്ടാനും എളുപ്പം എന്നിവയൊക്കെയാണ് ജര്‍മന്‍ പന്തലിന്റെ പ്രത്യേകതകള്‍. ഒരുദിവസംകൊണ്ട് 30000 ചതുരശ്ര അടിവരെ നിര്‍മിക്കാമെന്ന് ഉമ്മര്‍ക്ക പറയുന്നു. ഒരു ചതുരശ്ര അടിക്ക് 20 രൂപയാണ് ചെലവ്