തൃശ്ശൂര്‍: കടലാസിലെഴുതാന്‍ കടലാസില്‍ രൂപംകൊണ്ടത് എഴുനൂറ് പേനകള്‍. സംസ്ഥാന കലോത്സവചരിത്രത്തിലേക്കാണ് ഈ പേനകള്‍ എഴുതിക്കയറാന്‍ പോകുന്നത്. ഹരിതനയത്തിനൊപ്പിച്ച് ചലിക്കുന്ന കലോത്സവത്തിന് ഇവ മാറ്റുകൂട്ടും.

വര്‍ണക്കടലാസുകളില്‍ പേനകള്‍ തീര്‍ന്നപ്പോള്‍ കാണാന്‍ ഒരു പ്രത്യേക ചന്തവും. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ എഴുത്തുകളും ഇത്തരം പുത്തന്‍ പേനകള്‍ കൊണ്ടാകും. ഇത്രയും പേനകള്‍ കലോത്സവത്തിലേക്ക് വരുന്നത് തൃശ്ശൂര്‍ ഇസ്റ്റ് ഉപജില്ലയുടെ അധ്വാനത്തിലൂടെ.

വിവിധ വിദ്യാലയങ്ങളിലെ 50 കുട്ടികള്‍, 35 പ്രവൃത്തിപരിചയ അധ്യാപകര്‍ എന്നിവര്‍ ഒറ്റമനസ്സോടെ കടലാസുകൊണ്ട് പേനകള്‍ ഒട്ടിച്ചുണ്ടാക്കി. പിന്തുണയുമായി രക്ഷിതാക്കളും ഉണ്ടായിരുന്നു. ആദ്യം 500 പേനകള്‍ ഉണ്ടാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, കടലാസുകള്‍ പിന്നെയും ശേഷിച്ചതിനാല്‍ 200 എണ്ണംകൂടി ഉണ്ടാക്കുകയായിരുന്നു. ഉപയോഗിക്കാതിരുന്ന പോസ്റ്ററുകളാണ് കടലാസുപേനകളായി മാറിയവയിലേറെയും. നിവര്‍ത്തിവച്ച കടലാസുകഷണത്തില്‍ റീഫില്‍ വച്ചശേഷം കോണ്‍ ആകൃതിയില്‍ ചുരുട്ടിയെടുത്താണ് പേനയുണ്ടാക്കുന്നത്. കുഞ്ഞുകടലാസ് ചുരുട്ടി പേനയ്ക്ക് അടപ്പും ഉണ്ടാക്കി.

paper pen

സ്റ്റേജുകളിലേക്കാണ് പേനകളുടെ ആവശ്യം കൂടുതലായി വേണ്ടിവരിക. വിധികര്‍ത്താക്കള്‍ മാര്‍ക്കിടുന്നതും ഈ പേനകള്‍ കൊണ്ടായിരിക്കും. പേനകള്‍ ഇട്ടുവയ്ക്കാനുള്ള കുട്ടിപ്പാത്രങ്ങളും കട്ടികൂടിയ കടലാസുകൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്.

പ്രോഗ്രാം കമ്മിറ്റിയാണ് ഇങ്ങനൊരു സംരംഭത്തിന് മുന്‍കൈയെടുത്തത്. കുട്ടികളില്‍നിന്ന് കടലാസുപേനകളുടെ ശേഖരം മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീലാ വിജയകുമാര്‍, മുരളി പെരുനെല്ലി എം.എല്‍.എ., വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.കെ. മദനമോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.