കലോത്സവമല്ല ഇവിടെ തൃശ്ശൂര്‍ പൂരം വന്നാലും ചെസ് കളി വിട്ടൊരു പരിപാടിയില്ല ഗഡ്യേ. ചെസ് ബോര്‍ഡില്‍ കുതിരയ്ക്ക് ചെക്ക് പറഞ്ഞുകൊണ്ടിരിക്കെ പഴയ ജില്ലാ ചാമ്പ്യന്‍ ബാബുവേട്ടന്റെ കമന്റ്. പിന്നെ വീണ്ടും ശ്രദ്ധയോടെ ബോര്‍ഡിലേക്ക്.

പൊരിഞ്ഞ പോരാട്ടം തന്നെയാണ് തേക്കിന്‍കാടില്‍ നടക്കുന്നത്. അവിടെ  റിട്ടയേര്‍ഡ് തഹസില്‍ദാര്‍ മുതല്‍ തൃശ്ശൂരിലെ ഓട്ടോക്കാരന്‍ വരെ ചെസ്സിന്റെ ആവേശച്ചൂടിലാണ്. കാണുന്നവര്‍ക്ക് ഒരു പണിയുമില്ലാത്ത ചിലര്‍ വന്ന് സമയം പോക്കുന്നുവെന്നേ തോന്നുകയുള്ളൂവെങ്കിലും അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ)യുടെ ഉയര്‍ന്ന റേറ്റിങ്ങിലുള്ളവര്‍ പോലും ഇവിടെയുള്ള സ്ഥിരം ചെസ് കളിക്കാരാണ്. 

വൈകുന്നേരം നാല് മണിക്ക് തുടങ്ങും തേക്കിന്‍കാട് ആനക്കൊട്ടിലിന് സമീപമൈതാനിയിലെ സഹൃദയരുടെ ചെസ് കളി. അതങ്ങനെ രാത്രി ഒമ്പത് പത്ത് മണിവരെ നീളും. പലരും ജോലി കഴിഞ്ഞ് നേരെയെത്തുന്നത് മൈതാനിയിലേക്കാണ്. ചെസ് കളിക്കാന്‍. എന്നിട്ട് മാത്രമേ വീട്ടിലേക്ക് പോലും യാത്രയുള്ളൂ. അതങ്ങനെ രാത്രി പത്ത് മണിവരെ നീളും. അത്ര ഒത്തുരമയുണ്ട് ഇവിടെയുള്ളവരുടെ കൂട്ടായ്മയ്ക്ക്. 

chess 2

കോഴിക്കോട്ട് നിന്നും കലോത്സവ റിപ്പോര്‍ട്ടിങ്ങിനായി എത്തിയ ഞങ്ങള്‍ക്ക് വലിയൊരു അത്ഭുതം തന്നെയായിരുന്നു ഇവരുടെ കളിയാവേശത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഉണ്ടായത്. ഇരുപത് വര്‍ഷത്തോളമായി സ്ഥിരമായി ഇവിടെ കളിക്കെത്തുന്നവരുണ്ട്. പണ്ടുകാലത്ത് പാലക്കാട് വരെ നടന്ന് പോയി കളിച്ചവര്‍വരെ തൃശ്ശൂരില്‍ ഉണ്ടായിരുന്നുവെന്ന് കളിയാവേശത്തിനിടെ ഓട്ടോ ഡ്രൈവര്‍ മനോഹരന്‍ ചൂണ്ടിക്കാട്ടുന്നു. 

റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥര്‍, റിട്ടയേര്‍ഡ് തഹസില്‍ദാര്‍ എന്നിവര്‍ തുടങ്ങി കോളേജ് പിള്ളേര്‍ വരെ വൈകുന്നേരത്തെ ചെസ് കളിയില്‍ പങ്കാളിയാവാന്‍ എത്താറുണ്ട്. ഒരാളുടെ ഊഴം കഴിയുന്നത് വരെ കാത്തിരുന്ന് ബോര്‍ഡിന്റെ മറുവശത്ത് സ്ഥാനം പിടിക്കാന്‍ കാത്തിരിക്കുന്നവരും തേക്കിന്‍കാടിലെ സ്ഥിരം കാഴ്ചയാണ്. 

chess

തൃശ്ശൂരിലെ ചെസ് ആവേശം അവര്‍ക്ക് മരോട്ടിച്ചാലില്‍ ഒരു ചെസ് ഗ്രാമം തന്നെ സമ്മാനിച്ചിട്ടുണ്ട്. ഒരു ഗ്രാമം മുഴുവന്‍ ചെസ്സില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ഗ്രാമം. അങ്ങനെ അവര്‍ക്ക് ഗിന്നിസ്ബുക്കില്‍ വരെ സ്ഥാനം നേടാനായി. ആറ് വയസ്സുള്ള കുട്ടി മുതലുള്ളവര്‍ ഇവിടെ ചെസ്സിന്റെ സമ്പൂര്‍ണ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കളിക്കാര്‍ പറയുന്നു. 

വൈകുന്നേരമായാല്‍ ജില്ലയുടെ പല ഭാഗത്ത് നിന്നും ഇവര്‍ ചെസ്സ് കളിക്കാനായി ഇവിടെ എത്തിപ്പെടും. അങ്ങനെ ചെസ്സ് കളിക്കാര്‍ക്ക് വടക്കുംന്നാഥന്‍ ചെസ് ക്ലബ് വരെയുണ്ടായി. വെറും കളിക്കപ്പുറം വലിയൊരു സാംസ്‌കാരിക കൂട്ടായ്മ കൂടിയാണ്  ഇവര്‍ക്കിടെയുള്ളത്.

കളിക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അല്ലെങ്കില്‍ ആവശ്യം വന്നാല്‍ കളിയാവേശം ബാക്കി വെച്ച് ആവര്‍ ഓടിയെത്തും പറ്റാവുന്ന കാര്യമൊക്കെ ചെയ്ത് കൊടുക്കും. കലോത്സവം അടുത്തതോടെ കളിക്കാരുടെ സ്ഥലങ്ങളെല്ലാം ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്. വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കും. എങ്കിലും എന്ത് തന്നെ വന്നാലും ചെസ് കളി വിട്ടൊരു കലോത്സവവും തങ്ങള്‍ക്കില്ലെന്നാണ് ഇവരുടെ നിലപാട്.

Content Highlights: Kalolsavam 2018, youthfestival