രാഹുലിന് അമ്മയെ നഷ്ടമായിട്ട് ഇന്നേക്ക് മൂന്നു നാള്‍. വൈകിട്ട് ഏഴ് മണിക്ക് നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് ഏഴരമണിക്ക് വയനാട്ടില്‍ നിന്ന് തൃശൂരിലേക്ക് വണ്ടികയറിയതാണ് രാഹുല്‍. നാടന്‍ പാട്ടിന്റെ വേദിയിലേക്ക്.  മറ്റ് ആറ് പേരുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് അമ്മ പോയ ദു:ഖം കടിച്ചമര്‍ത്തി രാഹുല്‍ അന്നു തന്നെ തൃശൂരിലേക്ക് തിരിച്ചത്. 

rahul
രാഹുല്‍

ആദ്യമായി ലഭിച്ച അവസരത്തെ നഷ്ടപ്പെടുത്താതെ അവര്‍ വേദിയിലെത്തി. സ്വന്തം സമുദായമായ കാട്ടുനായ്ക്ക വിഭാഗത്തിലെ നാടന്‍ ശീലുകള്‍ പാടി എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് അവര്‍ മടങ്ങുന്നത്. ആദ്യമായി പങ്കെടുക്കാനെത്തിയതിന്റെ പകപ്പോ എ ഗ്രേഡ് നേടിയതിന്റെ ആഹ്ളാദമോ ആ മുഖങ്ങളിലുണ്ടായിരുന്നില്ല. അന്തര്‍മുഖരായി അധികം സംസാരിക്കാതെ അവര്‍ക്ക് മാത്രമറിയാവുന്ന ഗോത്രഭാഷയില്‍ അവര്‍ പരസ്പരം സംസാരിച്ചു.

അധ്യാപകര്‍ക്കൊപ്പമാണ് വയനാട് ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി ട്രൈബല്‍ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടന്‍പാട്ട് മത്സരത്തിനായി തൃശൂരെത്തിയത്. മിക്കവരും വയനാടിനപ്പുറം കാണുന്നത് ആദ്യമായിട്ടായിരുന്നു. വയനാട്ടിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ താഴെ തട്ടിലുള്ള കാട്ടു നായ്ക്കര്‍ വിഭാഗത്തിലെ 500 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.

പലര്‍ക്കും ഭൂമി പോയിട്ട് പേരിന് പോലും വീടില്ലാത്തവര്‍ . കഠിനമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ആരവങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ മൂന്ന് അധ്യാപകര്‍ക്കൊപ്പം കുട്ടികളെത്തിയത്. അതിനിടയിലാണ് നിനയ്ക്കാതെയുള്ള രാഹുലിന്റെ അമ്മയുടെ മരണം. അധ്യാപകര്‍ വീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് രാഹുല്‍ വേദിയിലെത്തിയത്