തൃശ്ശൂര്‍: ഇലഞ്ഞിയുടെ സുഗന്ധംകൊണ്ട് മനസ്സു നിറയുന്ന കലോത്സവമായി തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവം മാറുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. തൃശ്ശൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രോഗ്രാം കമ്മിറ്റിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രോഗ്രാം കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന 'ഇലഞ്ഞി' വാര്‍ത്താപത്രികയുടെ ഒന്നാംഭാഗം തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതിക്ക് കൈമാറി പ്രകാശനം ചെയ്തു.

ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇലഞ്ഞി എഡിറ്റര്‍ എ.കെ. മൊയ്തീന്‍, കെ.ജി. മോഹനന്‍, ജയിംസ് പോള്‍, ബെന്നി ജേക്കബ്, മധുസൂദനന്‍, ഉണ്ണികൃഷ്ണന്‍ പി.വി., പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മദനമോഹനന്‍ പി.വി., സി.എ. നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്താപത്രിക, ക്വിസ് കോര്‍ണര്‍, ബ്ലോഗ്, ഫോട്ടോ സെല്‍ഫി, ഫെയ്‌സ് ബുക്ക് പേജ്, മൊബൈല്‍ ആപ്പ്, ചുമര്‍പത്രിക നിര്‍മാണം എന്നീ പരിപാടികള്‍കൂടി ആസൂത്രണം ചെയ്തിട്ടുള്ളതായി പ്രോഗ്രാം കണ്‍വീനര്‍ ടി.വി. മദനമോഹനന്‍ അറിയിച്ചു. ഈ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കുകൂടി പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.