തൃശ്ശൂര്‍: സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ ലോകായുക്തയുടെ വിധി സമ്പാദിച്ച് എത്തിയ മത്സരാര്‍ത്ഥികളെ ഹൈക്കോടതി വിധി മുള്‍മുനയിലാക്കി. ഹൈക്കോടതി തടയാത്തവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഭാവിയില്‍ വിധി എതിരായാല്‍ ഇവരെ അയോഗ്യരാക്കും. ഇതോടെ അഞ്ച് മത്സരാര്‍ത്ഥികള്‍ മാത്രമാണ് നിലവില്‍ ഒഴിവാക്കപ്പെടുന്നത്.

ലോകായുക്തയിലൂടെ അനുകൂലവിധി നേടിയ അമ്പതോളംപേരാണ് വെള്ളിയാഴ്ച കലോത്സവം സംഘാടകസമിതി ഓഫീസില്‍ എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് ലോകായുക്തയുടെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കുന്നുവെന്ന വാര്‍ത്ത വന്നത്. ഇതോടെ ഇവര്‍ പരിഭ്രാന്തരായി.

സംഘാടകസമിതി ഇവരുടെ രജിസ്‌ട്രേഷന്‍ വൈകീട്ട് നാലുമണിയിലേക്ക് മാറ്റുകയും ചെയ്തു. നാലുമണി കഴിഞ്ഞിട്ടും കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. രാത്രിയോടെയാണ് ഹൈക്കോടതി വിലക്കിയിട്ടില്ലാത്തവരെയെല്ലാം പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ ലോകായുക്ത വിധിയുമായി അടുത്ത ദിവസങ്ങളില്‍ വരാനിരിക്കുന്നുണ്ട്.

അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ഹൈക്കോടതി അവധിയാണെന്നത് ഇത്തരക്കാര്‍ക്ക് ആശ്വാസമായി. ഇനിയും നിരവധി അപ്പീലുകള്‍ കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കുന്നുണ്ട്. ലോകായുക്തയുടെ ഉത്തരവുമായി എത്തിയവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന പ്രചാരണം തെറ്റാണെന്ന് ലോകായുക്ത അറിയിച്ചു.