തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം ഒപ്പന വേദിയില്‍ പരാതി പ്രളയം. സാധാരണ പ്രധാന സ്റ്റേജില്‍ നടക്കേണ്ട ഒപ്പന നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള വേദിയില്‍ സംഘടിപ്പിച്ചതാണ് പരാതിയുടെ തുടക്കം. വേദിയാണെങ്കില്‍ ഒപ്പന കളിക്കാന്‍ ഒരു തരത്തിലും യോജിച്ചതുമായിരുന്നില്ല. തലേദിവസം മത്സരാര്‍ഥികളും അധ്യാപകരും വേദിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് തട്ടിക്കൂട്ടിയ വേദിയുടെ ദയനീയ അവസ്ഥ അറിയുന്നത്. പരാതിപ്പെട്ടപ്പോള്‍ പ്രോഗ്രാം കമ്മിറ്റിയും കൈയൊഴിഞ്ഞു. 

കളിക്കിടെ മത്സരാര്‍ഥികള്‍ വീഴുന്ന തരത്തിലുള്ള മാറ്റുകള്‍ വേദയില്‍ വിരിച്ചതും തര്‍ക്കത്തിന് കാരണമായി. ഒടുവില്‍ വിദ്യാര്‍ഥികളും അധ്യാപകരും പരിശീലകരും ചേര്‍ന്നാണ് സ്റ്റേജിലെ കുഴികളും മറ്റും മണലിട്ട് നിരത്തിയത്. മത്സരം തുടങ്ങാനിരിക്കുന്ന സമയത്ത് പോലും വേദിയിലെ മാറ്റുകള്‍ മാറ്റിയിരുന്നില്ല. ഇത് മത്സരം വൈകുന്നതിനും കാരണമായി.

പത്ത് മണിക്ക് തുടങ്ങേണ്ട മത്സരം രാവിലെ 11.30 ന് ആണ് ആരംഭിച്ചത്. മാറ്റുകള്‍ മാറ്റുന്നതിന് പ്രോഗ്രാം കമ്മിറ്റി മടി കാണിച്ചതോടെ എതിര്‍പ്പുമായി മത്സരാര്‍ഥികളും രക്ഷിതാക്കളുമെല്ലാം രംഗത്തെത്തി. ഒടുവില്‍ സ്റ്റേജിന്റെ പണിയെല്ലാം പൂര്‍ത്തിയാക്കി ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്.