തൃശ്ശൂര്‍: കൗമാരകലയുടെ കുടമാറ്റം നടക്കുന്നതിനൊപ്പം പൂരപ്പറമ്പില്‍ കലാകേരളവും ഒത്തുചേരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ആറു മുതല്‍ 10 വരെ സാസ്‌കാരിക സായാഹ്നം തേക്കിന്‍കാട് മൈതാനത്തെ തെക്കേഗോപുരനടയിലെ 'നിശാഗന്ധി' എന്ന വേദിയില്‍ നടക്കും.

ആറിന് വൈകീട്ട് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പാലക്കാട് പദ്മശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ഒഡീസ്സി, മണിപ്പൂരി, കഥക് എന്നിവ തുടങ്ങും. ഏഴിന് വൈകീട്ട് ആറിന് ആറ്റിങ്ങല്‍ മലയാളശാലയുടെ ഓണപ്പാട്ടുകളും രാത്രി ഏഴിന് തൃശ്ശൂര്‍ കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടുകള്‍. എട്ടിന് വൈകീട്ട് ആറിന് നീന വാര്യര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം, 6.30-ന് സ്‌പെഷല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവ വിജയികളുടെ നൃത്തം, 7.30-ന് കൊട്ടാരക്കര താമരക്കുടി പ്രണവം കലാമന്ദിര്‍ അവതരിപ്പിക്കുന്ന കാക്കാരശ്ശി നാടകം. ജനുവരി ഒമ്പതിന് വൈകീട്ട് 4.30-ന് കവിസമ്മേളനം, തുടര്‍ന്ന് തൃശ്ശൂര്‍ തൈവമക്കള്‍ അവതരിപ്പിക്കുന്ന കരകാട്ടം,കാളകളി, നന്തുണി, വട്ടമുടിയാട്ടം. 10-ന് സാംസ്‌കാരിക സമ്മേളനത്തിന്റെ സമാപന യോഗം സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.