തൃശ്ശൂർ: തന്റെ ഊഴം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയ ചെസ്റ്റ് നമ്പർ 14-നു നേരെ ചിരിയോടെ നടന്നടുത്തത് ഉമ്മ ഷെബീറയായിരുന്നു. എന്നാൽ ചുവടുവെച്ചതിന്റെ കിതപ്പു മാറാതെ 14-ാം നമ്പറുകാരി തെരഞ്ഞത് വാപ്പ ഹാജ നവാസിനെ. തന്റെ നൃത്തം കണ്ട് മാറിയിരിക്കുന്ന വാപ്പയെ നോക്കി മകൾ നിറകണ്ണുകളോടെ ചിരിച്ചു. ഫലമറിഞ്ഞപ്പോഴാകട്ടെ സന്തോഷത്തിന് എ ഗ്രേഡിന്റെ തിളക്കവും.
 തിരുവനന്തപുരം, മാറനല്ലൂർ, ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസിലെ എസ്.എച്ച്. ഷഹനാസാണ് പത്താം ക്ലാസുകാരിയായ മകൾ.

വാപ്പയുടെ മുന്നിൽ സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുഡി അവതരിപ്പിച്ചതാണ് ഷഹനാസിന് ഏറെ സന്തോഷം പകർന്നത്. കഴിഞ്ഞ വർഷം അവസരം നഷ്ടപ്പെട്ടതിന്റെ വേദനിക്കുന്ന ഓർമകളെ ചിലങ്കയിലൂടെ മായ്‌ച്ചപ്പോൾ വാപ്പയ്ക്കും മകൾക്കും അത് ആഹ്ലാദനിമിഷമായി. കാട്ടാക്കട സ്വദേശിനിയായ ഷഹനാസ് ഹോളി ഫാമിലി എച്ച്.എസിലെ കുച്ചിപ്പുഡി മത്സരത്തിലാണ് നിറഞ്ഞാടിയത്. രണ്ടാം വയസു മുതൽ നൃത്തം അഭ്യസിക്കുന്ന ഷഹനാസിന്റെ ഏറ്റവും വലിയ പിന്തുണ വാപ്പ നവാസാണ്. സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയും പൊതുപ്രവർത്തകനുമായ ഇദ്ദേഹം കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും മകൾക്കു പ്രോത്സാഹനവുമായി കൂടെ നിന്നു.

എന്നാൽ കണ്ണൂരിലെ കലോത്സവത്തിനു പുറപ്പെടാനൊരുങ്ങവെ നവാസിനു ഹൃദയാഘാതമുണ്ടായി. പകച്ചുപോയ കുടുംബം യാത്ര വേണ്ടെന്നു വെച്ചു. ചിലങ്കയണിയുമ്പോൾ മുന്നിൽ വാപ്പയുണ്ടാകണമെന്ന പ്രാർഥനയ്ക്കു മുന്നിൽ നവാസ് ആരോഗ്യം വീണ്ടെടുത്തു. പിന്നെയും ഒരു വർഷം കഴിഞ്ഞപ്പോൾ കുടുംബത്തെയും കൊണ്ട് തൃശ്ശൂരിലേക്ക് അദ്ദേഹം വണ്ടി കയറി. തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുഡിക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനമായിരുന്നു ഷെഹനാസിന്. അപ്പീലോടെയാണ് സംസ്ഥാന കലോത്സവത്തിലെത്തിയത്. ഭാവിയിൽ എന്തുജോലി ചെയ്താലും നൃത്തത്തെ കൈവിടില്ലെന്നാണ് ഈ കലാകാരി പറയുന്നത്. ആറാം ക്ലാസുകാരനും സിനിമാറ്റിക് ഡാൻസറുമായ അനസും സഹോദരിക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.