തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിവസംമാത്രം കണ്ടെത്തിയത് ബാലാവകാശ കമ്മിഷന്റെ നാല് വ്യാജ അപ്പീല്‍ ഉത്തരവുകള്‍. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നായി രണ്ടുവീതം ഉത്തരവുകളാണ് തിരിച്ചറിഞ്ഞത്. മലപ്പുറത്തു നിന്നുള്ളതില്‍ ഒന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടിലേക്കാണ്. ഈ ടീം ഡി.ഡി.ഇ.ക്ക് അപ്പീല്‍ പോലും നല്‍കിയിട്ടില്ല. ഡി.ഡി.ഇ. അപ്പീല്‍ നിരസിക്കുമ്പോഴാണ് നീതിന്യായ സംവിധാനങ്ങളില്‍ അപ്പീല്‍ അപേക്ഷ എത്താറുള്ളത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളതില്‍ ഒന്ന് ഹയര്‍സെക്കന്‍ഡറി കേരളനടനത്തിനും മറ്റൊന്ന് ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തത്തിനുമാണ്.
  
ഇംഗ്ലീഷിലുള്ള ഉത്തരവില്‍ ബാലാവകാശ കമ്മിഷന്റെ ലോഗോ ഉപയോഗിച്ചിട്ടില്ല. സീലും തെറ്റാണ്. രണ്ട് അംഗങ്ങളും ചെയര്‍പേഴ്‌സണും ഉത്തരവിടുന്നതായാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് അംഗങ്ങളുടെ കാലാവധി മാസങ്ങള്‍ക്കു മുമ്പേ കഴിഞ്ഞതാണ്. പല ജില്ലകളിലെയും മത്സരങ്ങള്‍ കഴിഞ്ഞിട്ട് ഒന്നരമാസം പോലും തികഞ്ഞിട്ടില്ലാത്ത അവസ്ഥയിലാണ് രക്ഷിതാക്കളെ ഇങ്ങനെ കബളിപ്പിച്ചത്.

APPEAL


മലപ്പുറം ജില്ലയിലെ വട്ടപ്പാട്ടു ടീമിന്റെ വ്യാജ അപ്പീല്‍ ഉത്തരവുമായി ഒരു മത്സരാര്‍ഥിയാണ് ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ഡി.പി.ഐ. ഓഫീസിലെത്തിയത്. പിറ്റേന്ന് അപ്പീല്‍ ഫീസ് അടയ്ക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് എത്തിയിട്ടില്ല. കുട്ടി പോയിക്കഴിഞ്ഞാണ് ഉത്തരവ് വ്യാജമാണെന്ന് ഡി.പി.ഐ.യിലെ ലോ ഓഫീസറുടെ പരിശോധനയില്‍ കണ്ടെത്തിയത്. മലപ്പുറം ഡി.ഡി. ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ജില്ലാതല മത്സരത്തില്‍ ഈ ടീം വളരെ പിന്നിലായിരുന്നെന്നും കണ്ടെത്തി.

മറ്റ് മൂന്ന് വ്യാജ ഉത്തരവുകളും തൃശ്ശൂരിലാണെത്തിയത്. മലപ്പുറത്തുനിന്ന് 'ഉത്തരവു'മായി വെള്ളിയാഴ്ച എത്തിയത് രണ്ടു മുതിര്‍ന്നവരാണ്. ലോവര്‍ അപ്പീല്‍ അധികൃതര്‍ ഇതു നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ സ്ഥലംവിട്ടു. അന്നുതന്നെ തൃശ്ശൂര്‍ ജില്ലയില്‍നിന്നു വന്നത്, ഉത്തരവ് ശരിയെന്നു ധരിച്ച രണ്ട് അമ്മമാരാണ്. വ്യാജ ഉത്തരവാണെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഇവര്‍ ശനിയാഴ്ചയും അപ്പീല്‍ ഓഫീസിനു മുന്നില്‍ കാത്തിരിക്കുകയായിരുന്നു. നൃത്താധ്യാപകനാണ് ഇവര്‍ക്ക് 'അപ്പീല്‍' ശരിയാക്കിയത്. നൃത്താധ്യാപകന്‍ ബന്ധപ്പെട്ടിരുന്നത് ഒരു അഭിഭാഷകനെയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിയെ പിടികൂടും

"ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ പ്രതിയെ പിടികൂടും. പോലീസില്‍ ഉടന്‍ പരാതി നല്‍കും. അപ്പീലുകള്‍ അനുവദിക്കാന്‍ കര്‍ശന നിയന്ത്രണം ഇക്കൊല്ലമുണ്ട്. വാരിക്കോരി അപ്പീല്‍ അനുവദിക്കുമെന്ന ധാരണ കമ്മിഷനെക്കുറിച്ച് വേണ്ട."

ശോഭാ കോശി
ചെയര്‍പേഴ്‌സണ്‍, 
ബാലാവകാശ കമ്മിഷന്‍

എന്തു ചെയ്യണമെന്ന് അറിയില്ല

"അപ്പീല്‍ വ്യാജമാണെന്നു പറയുന്നു. ഇനി എന്തു വേണമെന്ന് അറിയില്ല. അപ്പീല്‍ ശരിയാക്കിത്തന്നവരോട് ചോദിച്ചിട്ട് ഒന്നും വിട്ടുപറയുന്നില്ല. 20,000 രൂപ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ."

വഞ്ചിക്കപ്പെട്ട ഒരമ്മ