തിരുവനന്തപുരം: 58-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് തിരശ്ശീല താഴ്ന്നപ്പോള്‍ മാതൃഭൂമി.കോമിന് അഭിമാനിക്കാന്‍ സമാപന വേദിയില്‍ പ്രതിപക്ഷനേതാവിന്റെ പരാമര്‍ശങ്ങള്‍. സമാപന പരിപാടിയുടെ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തില്‍ പ്രതിസന്ധികളെ മറികടന്ന് കലോത്സവത്തില്‍ നേട്ടങ്ങള്‍ കൊയ്ത കുട്ടികളെക്കുറിച്ച് പരാമര്‍ശിച്ചതില്‍ മാതൃഭൂമി.കോം പുറത്തുവിട്ട വാര്‍ത്ത.

അമ്മ മരിച്ച് സംസ്‌കാര ചടങ്ങില്‍നിന്ന് നേരിട്ട് നാടന്‍പാട്ട് മത്സരവേദിയിലെത്തി എ ഗ്രേഡ് നേടിയ രാഹുല്‍ എന്ന വിദ്യാര്‍ഥിയെക്കുറിച്ച് രമേശ് ചെന്നിത്തല തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. അമ്മ മരിച്ച ദുഃഖം കടിച്ചമര്‍ത്തി മത്സരവേദിയിലെത്തിയ രാഹുലിനെക്കുറിച്ച് 'ഏഴു മണിക്ക് അമ്മയെ സംസ്‌കരിച്ചു, ഏഴരയ്ക്ക് രാഹുല്‍ കാടിറങ്ങി വേദന മറന്ന് കൊട്ടിപ്പാടാന്‍' എന്ന തലക്കെട്ടില്‍ മാതൃഭൂമി.കോം വാര്‍ത്ത നല്‍കിയിരുന്നു. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട രാഹുല്‍ സ്വന്തം സമുദായത്തിലെ നാടന്‍ ശീലുകള്‍ പാടിയാണ് എ ഗ്രേഡ് നേടിയത്. ഈ വിഭാഗത്തില്‍നിന്ന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന ആദ്യ വിദ്യാര്‍ഥിയായിരിക്കും രാഹുല്‍ എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

വയനാട് ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി ട്രൈബല്‍ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പമാണ് രാഹുല്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുന്നതിന് തൃശ്ശൂര് എത്തിയത്. അമ്മ മരിച്ച് മൂന്നാം നാള്‍ ആണ് രാഹുല്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. തനിക്കൊപ്പം മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ആറുപേരുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് അമ്മ പോയ ദുഃഖം കടിച്ചമര്‍ത്തി രാഹുല്‍ പുറപ്പെട്ടത്. രാഹുലിനെക്കുറിച്ചു മാത്രമല്ല, കഠിനമായ പ്രതിസന്ധികള്‍ നേരിട്ട് പഠിക്കുകയും കലാമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ആദിവാസി കുട്ടികളുടെ ജീവിതം കൂടി ചൂണ്ടിക്കാണിക്കുന്നതായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ട്.

രാഹുലിനെക്കുറിച്ചുള്ള വാര്‍ത്ത വായിക്കാം

Content Highlight: Ramesh chennithala, rahul story in mathrubhumi, kerala school youth festival