തൃശൂര്‍: സംസ്ഥാന കലോത്സവ നഗരിയില്‍ സാഹിത്യ അക്കാദമി വേദിയില്‍ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ക്ക് പോലീസ് മര്‍ദനം. യാതൊരു പ്രകോപനവുമില്ലാതെയാണ് എഎസ്‌ഐ ലൂയിസ് പീറ്ററുടെ കരണത്ത് പരസ്യമായി അടിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. 

തുടര്‍ന്ന് മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന പേരില്‍ കവിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അക്കാദമി പരിസരത്തുള്ള സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. പ്രശ്‌നം വഷളായതോടെ ലൂയിസ് പീറ്ററിന്റെ സുഹൃത്തും കൃഷിവകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍ എത്തിയാണ് പ്രശ്‌നം ഒതുക്കിത്തീര്‍ത്തത്. 

ലൂയിസ് പീറ്ററെ അകാരണമായി മര്‍ദിച്ചതില്‍ എഎസ്‌ഐ പരസ്യമായി മാപ്പ് പറയണമെന്നും എഎസ്‌ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അക്കാദമി പരിസരത്ത് പ്രതിഷേധക്കൂട്ടായ്മയും നടന്നു.

സംഭവത്തെ തുടര്‍ന്ന് ആരോപണവിധേയനായ എഎസ്‌ഐയെ കലോത്സവ ചുമതലകളില്‍ നിന്നും ഒഴിവാക്കി. അതേസമയം ഇതേ എസ്‌ഐ നാടന്‍പാട്ട് ഗ്രീന്‍ റൂമിലെത്തി അനാവശ്യമായി ഇടപെട്ടുവെന്ന് പറഞ്ഞുവെന്ന് ആരോപിച്ച് അധ്യാപകരടക്കമുള്ള സ്ത്രീകളും രംഗത്തെത്തി. ഗ്രീൻ റൂമിൽ നിന്ന് പുരുഷന്മാർ ഇറങ്ങിപ്പോകണമെന്ന എസ്.എെ.യുടെ ആവശ്യമാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Content Highlights: police slashes poet near state youth festival venue