തൃശ്ശൂർ: ബക്കളം കാനൂൽ പുന്നക്കുളങ്ങര ഒപ്പനപ്പുരയിൽനിന്ന് ഇത്തവണ പുറത്തിറങ്ങിയ പതിനാറ് ഒപ്പന ഇശലുകളും എ ഗ്രേഡ് നേടി സംസ്ഥാന കലോത്സവത്തിനെത്തി. ഇതിൽ മത്സരംകഴിഞ്ഞ എട്ടെണ്ണത്തിനും സംസ്ഥാനമത്സരത്തിലും എ ഗ്രേഡ് ലഭിച്ചു. ഒമ്പതിനാണ് ബാക്കി ടീമുകളുടെ മത്സരം.

 ഒപ്പനപ്പുരയിലെ മാപ്പിളകലാ അധ്യാപകനായ നാസർ പറശിയുടെ വിരൽത്തുമ്പിലൂടെയാണ് ഈ ഒപ്പനസംഘങ്ങൾ ഒന്നാമതെത്തുന്നത്. ഒപ്പന പാഠങ്ങൾ പകരുന്നതിൽ 25 വർഷത്തെ പാരമ്പര്യമാണ് നാസറിനുള്ളത്. 

 ഒപ്പനക്കാരിയായിരുന്ന ഉമ്മൂമയിൽനിന്നുള്ള പാഠങ്ങളാണ് നാസർ കാലത്തിനുവേണ്ട പരിഷ്‌കാരങ്ങളോടെ കൊണ്ടുവരുന്നത്. ഇത്തവണ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളിൽനിന്നുള്ള ടീമുകളെയാണ് നാസർ ഒരുക്കിയെടുത്തത്.

 ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കോഴിക്കോട് ജില്ലയിൽനിന്നൊരു വിദ്യാർഥി മാപ്പിളപ്പാട്ടുമായും കലോത്സവത്തിൽ എത്തിയിട്ടുണ്ട്. രണ്ടുവർഷങ്ങളിലും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഒപ്പനമത്സരങ്ങളിൽ ഒന്നാംസ്ഥാനം നാസറിന്റെ സംഘത്തിനായിരുന്നു.

 ഈ അധ്യയനവർഷം തുടങ്ങിയതുമുതൽ നടത്തിയ പരിശീലനങ്ങളാണ് ഇത്തരത്തിലൊരുവിജയത്തിന് വഴിതെളിയിച്ചത്. അമിതാഭിനയം പുതുവഴിയിലൂടെ ഒപ്പന പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നാസർ പറയുന്നു.