സ്‌കൂള്‍ കലോത്സവം കഴിഞ്ഞ് വേഷങ്ങളൊക്കെ മാറ്റി ക്ലാസുകളിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് കുട്ടികള്‍. എന്നാല്‍, നങ്ങ്യാര്‍ക്കൂത്തും ഓട്ടന്‍തുള്ളലും അവതരിപ്പിച്ചുകഴിഞ്ഞ നിഹാരിക എസ്. മോഹന്‍ മുഖത്തെ ചായം കളഞ്ഞ് പുതിയ വേഷമിടാനുള്ള ഒരുക്കത്തിലാണ്. തൃശ്ശൂരില്‍ നിന്ന് ക്ലാസിലേക്കല്ല, നേരെ ചാലക്കുടിയില്‍ സിനിമാ സെറ്റിലേക്കാണ് നിഹാരികയുടെ യാത്ര. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തൊസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ നായികയാണ് ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ ഈ പ്ലസ് ടുക്കാരി. ഷൂട്ടിങ്ങിന് അവധി നല്‍കിയാണ് നിഹാരിക കലോത്സവത്തിന് എത്തിയത്. ചെയ്ത രണ്ടിനങ്ങളായ നങ്ങ്യാര്‍ക്കൂത്തിലും ഓട്ടന്‍തുള്ളലിലും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

കലാഭവന്റെ ട്രൂപ്പിലെ ഒരംഗമായ മൃണാളിനി എന്ന കഥാപാത്രത്തെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ നിഹാരിക അവതരിപ്പിക്കുന്നത്. ഹണിറോസാണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇരിങ്ങാലക്കുടയും ചാലക്കുടിയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പുതുമുഖമായ രാജാമണിയാണ് കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത്. പ്രണയവും തിരസ്‌കരണവും ആത്മസംഘര്‍ഷങ്ങളും പോരാട്ടങ്ങളും വിജയങ്ങളും പരാജയങ്ങളുമെല്ലാം ചേര്‍ത്ത ഒരു എന്റര്‍ടെയ്‌നറാണ് ചിത്രം.

സിനിമാസ്‌റ്റൈലില്‍ തന്നെയാണ് നിഹാരിക വിനയന്റെ ചിത്രത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം എ.ഐ.എസ്.എഫിന്റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയതായിരുന്നു സംവിധായകന്‍ വിനയന്‍. ചടങ്ങില്‍ മലാല അക്ഷരങ്ങളുടെ മലാഖ എന്ന ഏകപാത്ര നാടകം അവതരിപ്പിക്കുന്നുണ്ടായിരുന്നു നിഹാരിക. ഇതിനോടനുബന്ധിച്ച് നിഹാരികയെ ആദരിക്കുന്നുമുണ്ടായിരുന്നു. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അടക്കമുള്ളവരെയെല്ലാം വിനയന്‍ ആദരിച്ചെങ്കിലും സംഘാടകരോട് നിഹാരികയെ വിട്ടുപോയി. വിനയന്‍ നാടകം കാണാന്‍ നില്‍ക്കാതെ മടങ്ങുകയും ചെയ്തു. പിന്നീട് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വീട്ടിലെത്തിയപ്പോഴാണ് സംഘാടകര്‍ ഒരാളെക്കൂടി ആദരിക്കാനുണ്ടെന്ന് പറയുന്നത്. നിഹാരികയുടെ ഏകപാത്ര നാടകത്തിന്റെ കഥ കേട്ട വിനയന്‍ ആദരിക്കാനായി വീണ്ടും സമ്മേളനവേദിയിലെത്തി. സമ്മാനം കൊടുക്കുകയും എന്തുകൊണ്ട് സിനിമയില്‍ ഒരു കൈ നോക്കുന്നില്ലെന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ ഇങ്ങ് കണ്ണൂരല്ലെ. സിനിമയ്‌ക്കൊക്കെ ഇവിടെ എന്ത് സാധ്യതയാണുള്ളത്. ഇതുവരെ അവസരമൊന്നും കിട്ടിയിട്ടില്ല എന്നായിരുന്നു മറുപടി. എന്നാല്‍, ഇനിയൊരു അവസരം കിട്ടിയാല്‍ അഭിനയിക്കുമോ എന്നായി വിനയന്‍. തീര്‍ച്ചയായും. അവസരം കിട്ടിയാല്‍ അഭിനയിക്കുക തന്നെ ചെയ്യുമെന്ന് മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല നിഹാരികക്ക്. സമ്മേളനം കഴിഞ്ഞ് രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു. ഏറെക്കഴിഞ്ഞില്ല. നിഹാരികയെ തേടി വിനയന്റെ ഫോണ്‍കോളെത്തി. പുതിയ ചിത്രത്തിലെ നായികയാവാന്‍ ഒരുക്കമാണോ എന്നു മാത്രമായിരുന്നു ചോദ്യം. ഞാന്‍ ഇങ്ങ് കണ്ണൂരല്ലെ എന്ന ആ ചോദ്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് വിനയന്‍ പറഞ്ഞു. വൈകാതെ ഷൂട്ടങ് ആരംഭിക്കുകയും ചെയ്തു.

niharika

ഷൂട്ടിങ്ങും കലാപരിപാടികളും കാരണം ക്ലാസുകള്‍ ഏറെ നഷ്ടപ്പെടാറുണ്ടെങ്കിലും സ്‌പെഷ്യല്‍ ക്ലാസുകളെടുത്തും മറ്റ് സഹായങ്ങള്‍ നല്‍കിയും സ്‌കൂളിലെ അധ്യാപകര്‍ കൂടെ നിന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ചൊക്ലി രാമവിലാസം സ്‌കൂളിലെ ആദ്യത്തെ സിനിമാതാരമായി നിഹാരിക.

സിനിമയുടെ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ടൊക്കെ പുതിയ കാര്യങ്ങളാണെങ്കിലും അഭിനയം അത്ര പുതിയ അനുഭവമല്ല നിഹാരികക്ക്. ഒറ്റയ്‌ക്കൊരു വേദിയില്‍ നാടകം അവതരിപ്പിച്ച് റെക്കോഡിട്ട ആളാണ് രണ്ടാം വയസില്‍ കലാസപര്യ തുടങ്ങിയ, നാടകനടനും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകത്തിന് സമ്മാനം ലഭിച്ചയാളുമായ ടി.ടി.മോഹന്റെ മകളുമായ നിഹാരിക. മാഹി നാടകപ്പുരയിലെ സജീവാംഗങ്ങളാണ് അച്ഛനും മകളും. കുട്ടിക്കാലം മുതല്‍ അച്ഛനൊപ്പം നാടകവേദികളിലെ സാന്നിധ്യവുമായിരുന്നു. നൃത്തം, ഓട്ടന്‍തുളളല്‍, കൂടിയാട്ടം, കഥകളി എന്നിവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. ആറ് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം വേദിയിലുണ്ട്. ആറാം വയസ്സു മുതല്‍ നാടകരംഗത്ത് സജീവമാണ്. കഴിഞ്ഞ സംസ്ഥാന കേരളോത്സവത്തില്‍ ഹിന്ദി നാടകത്തിന് ഒന്നാം സ്ഥാനവും മികച്ച നടിയുമായ നിഹാരിക രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡിന് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലാല അക്ഷരങ്ങളുടെ മാലാഖ' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏകപാത്ര നാടകം അവതരിപ്പിച്ചാണ് നിഹാരിക റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്. ഇതേ നാടകം അവതരിപ്പിച്ച് ഏഷ്യന്‍ റെക്കോഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് നിഹാരിക ഇപ്പോള്‍. ഇതിനിടയിലാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ നായികാവേഷം വീണുകിട്ടിയത്. വേദികളില്‍ നിന്ന് സെറ്റിലേയ്ക്കും സെറ്റില്‍ നിന്ന് വേദികളിലേയ്ക്കുമുള്ള ഓട്ടത്തില്‍ അമ്മ ഷൈനിയാണ് നിഹാരികക്ക് കൂട്ട്.

Content Highlights: Niharika Malayalam Actress Kalabhavan Mani ChalakudikaaranChangathi Vinayan kalolsavam