വേദി മൂന്ന്. മത്സരം മിമിക്രി.1,2,3.. ചെസ്റ്റ് നമ്പറുകകള് ഓരോന്നായി വേദിയിലെത്തി.പക്ഷെ മിമിക്രി കണ്ട് പൊട്ടിച്ചിരിക്കുന്ന സദസിനെ കണ്ടത് വിരലിലെണ്ണാവുന്ന സമയങ്ങളില്‍ മാത്രം.പുതുമകളെ മേമ്പൊടിക്ക് പോലും ഉപയോഗിക്കാതെ ഓരോരുത്തരും കടന്നു പോയപ്പോഴാണ് തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടിയുടെ വരവ്. ഉപ്പ പറഞ്ഞു കൊടുത്ത അടവുകള്‍ പിഴച്ചില്ല. എല്ലാം കിറു കൃത്യം. പ്രതിഭയുടെ തിളക്കത്തില്‍ സദസ് ആവേശം പൂണ്ടു
രാഷ്ട്രീയ വിഷയങ്ങളധികം കാണാതിരുന്ന മത്സരത്തില്‍ ബിന്‍ഷ എന്ന മലപ്പുറംകാരി കത്തിക്കയറി. പ്രധാനമന്ത്രി നരേന്ദ്രമോദി, പിണറായി വിജന്, വി.എസ്, വെള്ളാപ്പള്ളി, ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണി തുടങ്ങിയ നേതാക്കളുടെ ശബ്ദത്തിലോടിച്ച തീവണ്ടിയും ഡി.ടി.എസ് സൗണ്ട് ഇഫക്ടും സദസില്‍ ചിരി പടര്‍ത്തി. ആകെയുണ്ടായിരുന്ന 17 മത്സരാര്ഥികളില് ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങി ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പേ ബിന്‍ഷ എ ഗ്രേഡ് വാങ്ങി. രണ്ട് പെണ്‍കുട്ടികളെയും പതിനഞ്ച് ആണ്‍കുട്ടികളെയും പിന്നിലാക്കി മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ബിന്‍ഷ സംസ്ഥാനതലത്തിലെത്തിയത്.
പൊന്നാനിക്കാരി ബിന്‍ഷ അഷ്റഫിന് മിമിക്രി പുത്തരിയല്ല. ഇരുപത് വര്‍ഷമായി മിമിക്രി വേദിയില്‍ സ്ഥിരം സാന്നിധ്യമായ കലാഭവന്‍ അഷ്റഫിന്റെ മകളാണ് ബിന്‍ഷ. അഷ്റഫ് തന്നെയാണ് മകള്‍ക്ക് ഗുരു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മകളുടെ പ്രതിഭ തിരിച്ചറിഞ്ഞ അദ്ദേഹം സ്വന്തം ശിക്ഷണത്തില്‍ ബിന്‍ഷയെ വേദിയിലെത്തിച്ചു. സംസ്ഥാന തലത്തില്‍ പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി തുടങ്ങിയ കലോത്സവ യാത്ര ഇത് മൂന്നാം വര്‍ഷത്തിലെത്തി നിൽക്കുന്നു. രണ്ട് തവണ ഒന്നാം സ്ഥാനം. തീര്‍ന്നില്ല മലപ്പുറം പൂക്കറത്തറ ഡിഎച്ച്ഒഎച്ച്എസ്എസിലെ ഫുള്‍ എ പ്രതീക്ഷ കൂടിയാണ് ഈ കൊച്ചുമിടുക്കി.
ഒന്ന്, രണ്ട് സ്ഥാനങ്ങളില്ലാത്തതിലും ആണ്‍പെണ്‍ മത്സരങ്ങളില്ലാതാക്കിയതും കലോത്സവത്തിന്റെ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്ന് കലാഭവന്‍ അഷ്റഫ് പറഞ്ഞു. ഇതിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങിയിരുന്നുവെങ്കിലും സബ്ജില്ലാ കലോത്സവം ആരംഭിച്ച് പോയതിനാൽ മത്സരം പൊതു രീതിയില്‍ നടത്തുകയായിരുന്നു.
അച്ഛന്റെയും ചേച്ചിയുടെയും വഴിയെ അനിയന് അബാനുമുണ്ട്. എല്ലാത്തിനും കൂട്ടായി അമ്മ ബുഷ്റയും സഹോദരി അഹ്നയും. രണ്ട് തവണ സംസ്ഥാന കലോത്സവത്തിലും കാലിക്കറ്റ് സര്‍വകലാശാല ഇന്റർസോണിലും ജേതാവ് കൂടിയാണ് അഷ്റഫ്.