തൃശ്ശൂർ: ഇത്തവണ അനീഷിന് ടെൻഷനുണ്ടായിരുന്നില്ല. മത്സരങ്ങളിൽ ഒന്നാംസ്ഥാനം ഒഴിവാക്കിയിരുന്നുവെന്നതു തന്നെ കാരണം. ഒന്നാംസ്ഥാനം എന്ന സ്ഥിരം പതിവ് ഉണ്ടായിരുന്നെങ്കിൽ കുഴഞ്ഞുപോയേനെ. അനീഷ് പരിശീലിപ്പിച്ച അഞ്ച് സംഘമാണ് മൂകാഭിനയത്തിൽ മത്സരത്തിനുണ്ടായിരുന്നത്. 

അഞ്ചു ജില്ലകളിൽ നിന്നുള്ളവർ. എല്ലാവരും ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടിയവർ. ആർക്കാണ് ഒന്നാം സ്ഥാനം എന്നറിയുന്നതുവരെ ടെൻഷനായിരിക്കും. മണ്ണുത്തി ഡോൺ‍ ബോസ്കോ, പാലക്കാട്‌ സെന്റ് തോമസ്, കോഴിക്കോട്ടെ സിൽവർ ഹിൽസ്, മലപ്പുറത്തെ പി.കെ.എം., പത്തനംതിട്ടയിലെ അടൂർ ഗവ. ബോയ്സ് എന്നീ സ്കൂളുകളിലെ കുട്ടികളാണ് അനീഷ് രവീന്ദ്രന്റെ ശിക്ഷണത്തിൽ മൂകാഭിനയത്തിൽ സംസ്ഥാന കലോത്സവവേദിയിലെത്തിയത്.

തൃശ്ശൂരിലെ നാടകപ്രവർത്തകനാണ് അനീഷ് രവീന്ദ്രൻ. രണ്ടുവർഷമായി അനീഷ് പരിശീലിപ്പിച്ച സംഘത്തിനാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം. അതിനാലാണ് കൂടുതൽ സ്കൂളുകൾ അനീഷിനെ തേടിയെത്തിയത്.
ബ്ലൂവെയിൽ കളിയിൽ കുടുങ്ങിയ കൗമാരം, മറവി രോഗം ഭാരമാകുന്ന വാർധക്യം തുടങ്ങിയ വിഷയങ്ങളിലായിരുന്നു അഞ്ച് മൈമുകളും അണിയിച്ചൊരുക്കിയത്. കെ.എസ്.ആർ.ടി.സി.യിലെ േജാലി രാജിവെച്ചാണ് മുഴുവൻസമയ നാടക പ്രവർത്തകനായത്.