പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയോര്‍മ്മിപ്പിച്ച് കലോത്സവനഗരിയില്‍ സജീവമാണ് മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍. പ്രധാന വേദിക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന സീഡ് സ്റ്റോളില്‍ ഓരോ ദിവസവും വേറിട്ട പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്.

നാലാം ദിനത്തില്‍ പുരാവസ്തുക്കളുടെ പ്രദര്‍ശനം ഒരുക്കിയാണ് കലോത്സവനഗരിയിലേക്കെത്തുന്നവരെ സീഡ് പ്രവര്‍ത്തകര്‍ വരവേല്‍ക്കുന്നത്. ചങ്ങഴി,നാഴി, ആവണപ്പലക, ഭസ്മക്കൊട്ട തുടങ്ങി മെതിയടി വരെ സ്റ്റാളില്‍ പ്രദര്‍ശനത്തിലുണ്ട്. സ്റ്റാളിനോടനുബന്ധിച്ച്‌ ദിവസവും ഓരോ മത്സരവും സീഡ് സംഘടിപ്പിച്ചിട്ടുണ്ട്.

സ്റ്റാളിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന് വസ്തുവിന്റെ പേര് അറിയാമെങ്കില്‍ എഴുതി ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കാനുള്ളതാണ് ഇന്നത്തെ മത്സരം. സ്റ്റാളില്‍ നിന്ന് നല്‍കുന്ന ജ്യൂസ് കുടിച്ചിട്ട് അതെന്താണെന്ന് തിരിച്ചറിയുന്നവര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം സമ്മാനം നല്‍കിയത്. മലയാളത്തില്‍ ഒപ്പിടുന്നതിനുള്ള മത്സരവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.

സീഡ് നേതൃത്വം നല്‍കിയ പ്ലാസ്റ്റിക് ബോധവല്‍ക്കരണ പരിപാടിയില്‍ ചൈന വേഷധാരികളായാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. സീഡിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കൃഷി ചെയ്ത വിഷരഹിതപച്ചക്കറികള്‍ കഴിഞ്ഞദിവസം ഊട്ടുപുരയിലെത്തിച്ചിരുന്നു. ഒരു വറ്റു പോലും പാഴാക്കിക്കളയരുത് എന്ന സന്ദേശവുമായി സീഡ് കലോത്സവഊട്ടുപുരയിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. 

ഗ്രീന്‍ പ്രോട്ടോക്കോളുമായി സഹകരിച്ചാണ്  കലോത്സവനഗരിയിലെ സീഡിന്റെ പ്രവര്‍ത്തനം. വിവിധ സ്‌കൂളുകളിലെ സീഡ് പ്രവര്‍ത്ത്കരാണ്  ഓരോ ദിവസവും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക. നാളെ തുണി കൊണ്ടുള്ള ബാഗ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സ്റ്റാളില്‍ ഒരുക്കുന്നതെന്ന് കലോത്സവനഗരിയിലെ സീഡ്  കോര്‍ഡിനേറ്റര്‍ എം.ബി.ഷെഫീഖ് പറഞ്ഞു.