തൃശ്ശൂര്‍: സൂചികുത്താന്‍ സ്ഥലമില്ലാതെ സദസ്സ്. വേദിയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി മത്സരാരാര്‍ഥികള്‍. സംഘനൃത്തമത്സരം നടക്കുന്ന പ്രധാന വേദിയായ നീര്‍മാതളം അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ ഒരു വേദിയിലും കാണാത്തത്രയും കാണികളുടെ തള്ളിക്കയറ്റമായിരുന്നു നീര്‍മാതളത്തിലേക്ക്. 

രാവിലെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തിന് ശേഷം കൃത്യം മൂന്നു മണിക്ക് സംഘനൃത്തം ആരംഭിക്കുമെന്നായിരുന്നു മത്സര ഷെഡ്യൂളെങ്കിലും യഥാര്‍ഥത്തില്‍ മത്സരം ആരംഭിച്ചത് 4 മണിക്കൂറോളം വൈകി ഏഴ് മണിക്കായിരുന്നു. മത്സരാര്‍ഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം വേദിയില്‍ തുടങ്ങിയപ്പോഴേക്കും തേക്കിന്‍കാട് മൈതാനം മുഴുവന്‍ നീര്‍മാതളത്തിലേക്ക് ഒഴുകിയെത്തി. ഹര്‍ഷാരവങ്ങളോടെയാണ് ഓരോ പ്രകടനവും കാണികല്‍ സ്വീകരിച്ചത്. 

അപ്പീലുകള്‍ കണക്കുകൂട്ടാതെ ഇരുപതോളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. ഇങ്ങനെ പോയാല്‍ രാത്രി പുലരുവോളം മത്സരം നീണ്ടുനിന്നേക്കുമെന്നാണ് കലോത്സവ സംഘാടകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന പ്രതികരണം. 

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Group Dance