തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാജ അപ്പീലുകള്‍ ഉണ്ടാക്കി നല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍. ഇതുസംബന്ധിച്ച് മാതൃഭൂമി പുറത്തുകൊണ്ടുവന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ബാലാവകാശ കമ്മിഷന്റേതെന്ന പേരില്‍ വ്യാജ അപ്പീലുമായി മത്സരാര്‍ഥികള്‍ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാതൃഭൂമി പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ സൂക്ഷ്മപരിശോധനയില്‍ ഇത്തരത്തിലുള്ള കൂടുതല്‍ വ്യാജ അപ്പീലുകള്‍ കണ്ടെത്തുകയും ചെയ്തു. ബാലാവകാശ കമ്മിഷനിലെ മുന്‍ രജിസ്ട്രാറുടെയും മെമ്പര്‍മാരുടെയും വ്യാജ ഒപ്പിട്ടാണ് അപ്പീല്‍ നല്‍കിയത്. കമ്മിഷന്‍ അനുവദിച്ച അപ്പീലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം വ്യാജ അപ്പീലുകള്‍ നല്‍കിയത്.

വളരെ ആസൂത്രിതമായാണ് സംഘം പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വ്യാജ അപ്പീലുകളില്‍ 20 മുതല്‍ 829 വരെയുള്ള ക്രമനമ്പറുകളുണ്ട്. അതായത് ഇത്തരത്തിലുള്ള കൂടുതല്‍ വ്യാജ അപ്പീലുകള്‍ പ്രചരിച്ചിട്ടുണ്ടന്നര്‍ത്ഥം. വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ എത്താത്തതാണ് വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ അപ്പീലുകള്‍ കയറിക്കൂടിയിട്ടുണ്ടോ എന്നറിയില്ലെന്നും വരും വര്‍ഷങ്ങളില്‍ അപ്പീലുകള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലാവകാശ കമ്മിഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ കമ്മിഷനാണ് എടുക്കേണ്ടത്. ഇതുസംബന്ധിച്ച് തൃശ്ശൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട് ഡിപിഐ പറഞ്ഞു.

Content Highlights:  kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Fake Appeal