തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് ബാലാവകാശ കമ്മിഷന്റെ പേരിലുള്ള വ്യാജ അപ്പീലുകള്‍ പത്തെണ്ണമായി. അടിയന്തരമായി ഇടപെട്ട് ക്രിമിനല്‍ ചട്ടം അനുസരിച്ച് നടപടി എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ പല ജില്ലകളില്‍ ഉള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 

വന്‍ലോബിതന്നെ തട്ടിപ്പിനു പിന്നിലുണ്ട്. എന്നാല്‍ ഇതുവരെ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടില്ല. ചെയര്‍പേഴ്സണ്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. 

നാല് വ്യാജ അപ്പീലുകള്‍ എത്തിയ കാര്യം 'മാതൃഭൂമി' കഴിഞ്ഞദിവസം  പുറത്തു കൊണ്ടുവന്നിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ലോ ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ അപ്പീലും ഞായറാഴ്ച രാവിലെ സൂക്ഷ്മമായി പരിശോധിച്ചു. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലായി ആറ് അപ്പീലുകള്‍കൂടി കണ്ടെത്തി. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്‍മാരെയാണ് കണ്ടെത്തിയിരിക്കുന്നത്. 

വ്യാജ ഉത്തരവുകളില്‍ സ്ഥാനമൊഴിഞ്ഞ രണ്ട് അംഗങ്ങളുടെയും ഇപ്പോഴത്തെ ചെയര്‍പേഴ്സന്റെയും പേരുകളാണുള്ളത്. ഒപ്പിന്റെ സ്ഥാനത്ത് എട്ടു മാസം മുമ്പ് സ്ഥാനമൊഴിഞ്ഞ രജിസ്ട്രാറുടെ പേരാണ്. സീലും വ്യാജമാണ്. 

കണ്ടെത്തിയവയില്‍ ഒന്നിന്റെ ക്രമനമ്പര്‍ ഇരുപതും മറ്റൊന്നിന്റേത് 829-ഉം ആണ്. ഇതാണ് നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ വിതരണം ചെയ്ത് വന്‍തുക തട്ടിയെടുത്തതായി സംശയമുണ്ടാക്കുന്നത്. 

ചെലവ് 50000 രൂപ

ആലപ്പുഴ ജില്ലാ കലോത്സവം നടന്ന കണിച്ചുകുളങ്ങരയിലും കോട്ടയം കലോത്സവം നടന്ന കടുത്തുരുത്തിയിലും എറണാകുളം കലോത്സവം നടന്ന മൂവാറ്റുപുഴയിലും വ്യാജ അപ്പീല്‍ ലോബി രംഗത്തുണ്ടായിരുന്നു.
 
വിധിനിര്‍ണയത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ് ആദ്യ നീക്കം. സംഘം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീറോടെ വാദിച്ച് അവരെ കൈയിലെടുക്കും. പരാതി കൊടുക്കണമെന്ന് ഇവരെ  ധരിപ്പിക്കും. പരാതിയില്‍ കാര്യമില്ല, അപ്പീല്‍ തന്നെ കൊടുക്കണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് പിന്നത്തെ നടപടി.  
ബാലാവകാശ കമ്മിഷനില്‍നിന്ന് അപ്പീല്‍ എളുപ്പത്തില്‍ കിട്ടുമെന്നും ഒരു കുട്ടിക്ക് 50,000 രൂപ ചെലവാകുമെന്നുമാണ് ആലപ്പുഴയില്‍ പറഞ്ഞത്. ഇതില്‍ 40,000 രൂപ ചെയര്‍മാനും അംഗങ്ങള്‍ക്കും കൊടുക്കണമെന്നും 10,000 രൂപ ഓഫീസ് ആവശ്യങ്ങള്‍ക്കും എന്നാണ് പറഞ്ഞത്. ഗ്രൂപ്പിനങ്ങളിലാണ് ഇവര്‍ക്ക് കൂടുതല്‍ താത്പര്യം. തൃശ്ശൂരിലെ രണ്ട് രക്ഷിതാക്കള്‍ 20,000 രൂപ വീതം നല്‍കി. 

നടപടി എടുക്കേണ്ടത് ബാലാവകാശ കമ്മിഷന്‍

"വ്യാജ അപ്പീല്‍ ഉത്തരവ് ഉണ്ടാക്കി നടന്ന തട്ടിപ്പിനെക്കുറിച്ച് ബാലാവകാശ കമ്മിഷനാണ് നടപടി എടുക്കേണ്ടത്. എല്ലാ അപ്പീലുകളും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിയ ശേഷമേ അംഗീകാരം നല്‍കൂ. പൂര്‍ണമായ ജാഗ്രതയില്‍തന്നെ കലോത്സവം നടക്കും."

-കെ.വി. മോഹന്‍കുമാര്‍
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍