തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലാമേളയില്‍ പങ്കെടുക്കാനായി ബാലാവകാശ കമ്മീഷന്റെ ഒറിജിനലും വ്യാജനുമായ അപ്പീലുമായി എത്തിയവര്‍ നിരവധിയാണ്. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ തന്നെ ബാലാവകാശ കമ്മീഷന് ഇടപെടേണ്ട കാര്യങ്ങളാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അരങ്ങേറുന്നത്. എ ഗ്രേഡിന് വേണ്ടി മത്സരാര്‍ത്ഥികള്‍ക്ക് കഠിനമായി ശരീരാധ്വാനം ചെയ്യേണ്ടി വരുന്നു. നൃത്തം കഴിയേണ്ട താമസം അതില്‍ പലരെയും കൊണ്ട് തൊട്ടടുത്ത ജില്ലാ ആശുപത്രിയിലേയ്ക്ക് ആംബുലന്‍സുകള്‍ കുതിക്കുന്നത് പതിവ് കാഴ്ചയാവുന്നു.
മേളയുടെ നാലാം ദിവസം വൈകീട്ട് പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒപ്പന നടക്കുമ്പോള്‍ മാത്രം ഒരു ഡസനോളം കുട്ടികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടിവന്നു. വേദിയുടെ ഒരു ഭാഗത്തുകൂടി മത്സരിക്കാനുള്ള ടീമുകള്‍ കയറുകയും മറുഭാഗത്തുകൂടി തളര്‍ന്നുവീഴുന്ന കുട്ടികളെ കൊണ്ടുപോവുകയും ചെയ്യുന്ന ദയനീയമായ കാഴ്ചയ്ക്കാണ് മേള സാക്ഷ്യം വഹിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഒന്നാം വേദിയിലെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറിനോടും ഈ പ്രശ്നങ്ങൾ വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞിരുന്നു. ചിലർ മന്ത്രിയോട് തട്ടിക്കയറുക വരെ ചെയ്തു. എന്നാൽ, കുട്ടികളുടെ ദുരിതത്തിന് ഒരു അറുതിയും ഉണ്ടായില്ല. ഒപ്പന അവസാനിച്ച് കർട്ടൺ വീണ ഉടനെ ഒരു കുട്ടി സ്റ്റേജിൽ തളർന്നു വീണ സംഭവം വരെ ഉണ്ടായി. ഒപ്പനയില്‍ മാത്രമല്ല, സംഘനൃത്തത്തിലും മാര്‍ഗംകളിയിലുമെല്ലാം സമാനമായ രംഗങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ മോഹിനിയാട്ടത്തിനായി വേഷമിട്ട ഒരു കുട്ടി തളർന്നുവീണിരുന്നു. ഈ കുട്ടിയെ വേഷത്തോടെ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
രണ്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഒപ്പന മത്സരം ആരംഭിച്ചത് മൂന്നര മണിക്കൂറിലേറെ വൈകിയാണ്. അപ്പീലുകള്‍ ഉള്‍പ്പെടെ 38 ടീമുകള്‍ ഇത്തവണ എത്തിയിട്ടുണ്ട്. നിലവിലെ സമയക്രമം അനുസരിച്ച് പുലര്‍ച്ചെ മൂന്നിനാകും മത്സരം അവസാനിക്കുക. കാലത്ത് മേക്കപ്പിട്ട കുട്ടികള്‍ക്ക് വേദിയിലെത്താന്‍ പുലരുംവരെ കാത്തിരിക്കേണ്ടിവരുമെന്ന് സാരം.
മത്സരാര്‍ഥികള്‍ക്ക് വേദിയില്‍ കയറാന്‍ വേഷമിട്ട് മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. ഇതിനിടയില്‍ വേഷവും മേക്കപ്പും കാരണം ഒരു തുള്ളിവെള്ളം കുടിക്കാനോ ലഘുഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. മൂത്രമൊഴിക്കാന്‍ പോകാനും കഴിയുന്നില്ല. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകുംതോറും കുട്ടികളുടെ ദുരിതവും ഇരട്ടിയാവുകയാണ്. മത്സരങ്ങള്‍ പകലാണെങ്കില് കടുത്ത ചൂടാണ് വേദികളില്‍. വൈകി തുടങ്ങുന്ന മത്സരം രാവു വെളുക്കുംവരെ നീളുകയും ചെയ്യും. പെണ്‍കുട്ടികളുടെ സംഘനൃത്തം അവസാനിച്ചത് പുലര്‍ച്ചെ ആറര മണിക്കാണ്. ഈ സമയമത്രയും കുട്ടികള്‍ വേഷമിട്ട് ഉറക്കമിളച്ചു കാത്തുനില്‍ക്കുകയാണ്. ഇതൊക്കെ കാരണം ഇവരില്‍ പലര്‍ക്കും വേദിയില്‍ തങ്ങളുടെ കഴിവ് വേണ്ട രീതിയില്‍ പുറത്തെടുക്കാന്‍ കഴിയുന്നില്ല. കഠിനമായി പരിശ്രമിക്കുന്നവരാവട്ടെ മത്സരം കഴിയേണ്ട താമസം തളര്‍ന്നുവീഴുകയും ചെയ്തു.
മണിക്കൂറുകളോളം മേക്കപ്പണിഞ്ഞിരിക്കേണ്ടി വരുന്നതും ഇതിനിടെ കാര്യമായ ഭക്ഷണമോ വെള്ളമോ കഴിക്കാനാവാത്തതുമാണ് കുട്ടികള്‍ ഇത്രയേറെ തളരാന്‍ കാരണമെന്ന് കലോത്സവ വേദിയിലെ ഡോക്ടര്‍ പറയുന്നു. സംസ്ഥാന കലോത്സവവേദിയുടെ സമ്മര്‍ദം കൂടിയാകുമ്പോള്‍ കുട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാനാകാതെ വരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
'സാധാരണ പ്രധാന വേദികളില്‍ നടത്തുന്ന ഒപ്പന ഇത്തവണ ചെറിയ വേദിയിലാണ് നടത്തുന്നത്. കാണാനെത്തിയവരില്‍ പകുതിയും പുറത്താണ്. കുട്ടികള്‍ക്ക് ബാത്ത്റൂമില്‍ പോകാനുള്ള സൗകര്യം പോലുമില്ല. വേദിക്ക് പിന്നില്‍ വിശ്രമിക്കാനുള്ള സൗകര്യം പോലുമില്ല. ഗ്രീന്‍ റൂമെന്ന് പറഞ്ഞ് ഒരുക്കിയിരിക്കുന്നത് ഒരു ഷെഡ് മാത്രമാണ്' എറണാകുളത്തു നിന്ന് എത്തിയ ഒപ്പന അധ്യാപകന് മജീദ് പറയുന്നു.
വേദിയിലെ സൗകര്യക്കുറവിനെ കുറിച്ച് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന്, ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം സംഘാടകര്‍ വേദിക്ക് പിന്നില്‍ മത്സരം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇരിപ്പിടവും വൈദ്യസഹായവും ഒരുക്കി.
അതേസമയം കുട്ടികള്‍ മേക്കപ്പിടാന്‍ വൈകുന്നതാണ് മത്സരങ്ങള്‍ വൈകാനുള്ള ഒരു കാരണമെന്ന് ഒരു അധ്യാപകന് വിശദീകരിച്ചു. എത്ര നിര്‍ദേശം നല്‍കിയിട്ടും കുട്ടികള്‍ സമയത്ത് മേക്കപ്പിട്ട് എത്താത്തതിന് സംഘാടകരെ മാത്രം പഴിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേദികളിൽ സൗകര്യക്കുറവില്ല, അപ്പീലുകളാണ് വില്ലന്മാർ: ഡി.പി.എെ.
വേദിയിൽ സൗകര്യക്കുറവുണ്ടെന്ന ആക്ഷേപം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ നിഷേധിച്ചു. ഒപ്പനയിൽ ബെൽറ്റ് മുറുക്കിക്കെട്ടിയതാണ് കുട്ടികൾക്ക് പ്രശ്നമായതെന്ന് അന്വേഷണത്തിലാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ മത്സരാർഥികൾക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. മത്സരങ്ങൾ വൈകാനുള്ള പ്രധാന കാരണം അപ്പീലുകളുടെ ആധിക്യമാണ്. നമ്മള് അപ്പീലുകള്‍ക്ക് എതിരല്ല. ഓരോ ജില്ലയില്‍ നിന്നും ഓരോ അപ്പീല്‍ എന്ന രീതിയില്‍ 28 അപ്പീലുകള്‍ എന്ന് കണക്കാക്കിയാണ് ഷെഡ്യൂള്‍ തയാറാക്കുന്നത്. എന്നാല്‍ ഈ വര്‍ഷവും അപ്പീലുകള്‍ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇത്തവണ കലോത്സവം ഏഴ് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. പകരം മൂന്ന് വേദികള്‍ മാത്രമാണ് അധികമുള്ളത്. എന്നിട്ടും നാലാം ദിവസം തന്നെ 90 ശതമാനം മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ നമുക്കായിട്ടുണ്ട്.