തൃശ്ശൂര്‍:  അപ്പീലിനെ പൂട്ടാന്‍ സമഗ്രകലോത്സവ നിയമം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കലോത്സവത്തിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടത്തിയ പ്രഖ്യാപനം. ഇതിനായി പ്രത്യേക ബില്ല് തന്നെ നിയമസഭയില്‍ പാസ്സാക്കുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. എന്നാല്‍ കൃത്യമായി ഒരു വര്‍ഷം പിന്നിട്ട് മറ്റൊരു കലോത്സവം കൂടെ തൃശ്ശൂരില്‍ തിരിതാഴുമ്പോള്‍ അപ്പീലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒരു കുറവും വന്നിട്ടില്ല. ഇത്തവണ മൊത്തത്തില്‍ 1136 അപ്പീലുകളാണ് വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷവും ഇത്രത്തോളം അപ്പീലുകള്‍ ഉണ്ടായിരുന്നു. 

അപ്പീല്‍ അനുവദിക്കാനുള്ള ആധികാരികത ആര്‍ക്കെന്ന് അനുശാസിക്കാലായിരുന്നു നിയമനിര്‍മാണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. നിയമനിര്‍മാണം നടത്താനായി കലോത്സവ ചട്ടപരിഷ്‌കരണ സമിതിയും രൂപവത്കരിച്ചിരുന്നു.   കലോത്സവം കൃത്യസമയത്ത് തുടങ്ങാന്‍ കഴിയാത്തതും അവസാനിപ്പിക്കാന്‍ കഴിയാത്തതുമായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പ്രധാന പ്രശ്‌നം. ഇതിന് പരിഹാരം കാണുമെന്ന് ഓരോ വര്‍ഷവും അധികൃതര്‍ പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. ഇത്തവണയും അതിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന യാഥാര്‍ഥ്യമാണ് കലോത്സവം അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത്.

ഓരോ ഇനത്തിലും 14 ടീമുകളാണ് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കേണ്ടത്. എന്നാല്‍ അപ്പീലുകള്‍ വര്‍ധിച്ചതോടെ ഓരോ ഇനത്തിലും 30, 31 ടീമുകളാണ് മത്സരിക്കാനെത്തുന്നത്. ഫലമോ പല മത്സരങ്ങളും പുലര്‍ച്ചവരെ നീണ്ട് നില്‍ക്കുകയും ചെയ്തു. വിധി നിര്‍ണയത്തില്‍  പിന്തള്ളപ്പെട്ടുവെന്ന് തോന്നുന്നവര്‍ ജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതിക്ക് പരാതി നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആ സമിതിക്ക് മുന്നില്‍ പരിപാടി അവതരിപ്പിച്ച് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുത്തി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അനുമതി നെടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലപ്പോഴും ഇതൊന്നും പാലിക്കാറില്ല. 

ലോകായുക്ത വഴിയും ഡി.ഡി.ഇമാര്‍ വഴിയുമാണ് പ്രാധാനമായും അപ്പീലുകള്‍ എത്തുന്നത്. ചിലര്‍ ഹൈക്കോടതിയിലും ബാലാവകാശ കമ്മീഷനിലും എത്തി അപ്പീല്‍ കൈപ്പറ്റുന്നു. ജനകീയ ഇനങ്ങളായ ഒപ്പന, നാടോടി നൃത്തം, നാടകം, സംഘനൃത്തം എന്നിവയിലെല്ലാമാണ് കൂടുതലും അപ്പീലുകള്‍ എത്തുന്നത്. ഇത് പരിപാടി നടത്തിപ്പിനെ വലിയ തോതില്‍ ബാധിക്കുന്നുവെന്നും വിദ്യാര്‍ഥികളുടെ ശാരീരിക മാനസികാവസ്ഥയ്ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുന്നുവെന്നും വിദ്യാഭ്യാസ വിദഗ്ധരും, രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതിനൊന്നും മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2014 ല്‍ 758, 2015ല്‍1445, 2016 ല്‍ 850, 2017 ല്‍ 772, 2018 ല്‍ 1136 എന്നിങ്ങനെയാണ് അപ്പീലുകളുടെകണക്ക്.

അപ്പീലിന് തടയിടാനാവാതായതോടെ അപ്പീലുകള്‍ ലോബികള്‍ വരെ കലോത്സവവുമായി ബന്ധപ്പെട്ട് രംഗത്ത് വന്ന കാഴ്ചയും ഇത്തവണത്തെ കലോത്സവം അവസാനിക്കുമ്പോള്‍ കാണാനായി. അപ്പീല്‍ സംഘടിപ്പിച്ച്  തരാമെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് പണം  തട്ടുന്നവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കലോത്സവ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു സംഭവം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതരിക്കാനും കലോത്സവം സുഗമമായി നടത്താനും അപ്പീലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് വഴിയെന്ന് പോലീസ് അധികരൃതരും പറയുന്നു.