ശിവദാസൻ കലാകാരനാകണമെന്ന് മോഹിച്ചിട്ടില്ല. മകൾ സംയുക്ത വലിയ കലാകാരിയാകണമെന്ന് ശിവദാസന് വാശിയുമില്ല. എങ്കിലും അച്ഛനും മകളും കലയാൽ അനുഗൃഹീതരാണ്. ശിവദാസനെ കേരളക്കരയ്ക്ക് നന്നായറിയാം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ പോലീസ് സ്‌റ്റേഷനിലെ റൈറ്റർ ശിവദാസൻ. സിനിമയിൽ യൂണിഫോമിടാതെ നടക്കുന്ന റൈറ്റർ ശിവദാസൻ യഥാർത്ഥ ജീവിതത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. ആണ്.

മകൾ സംയുക്ത പങ്കെടുക്കുന്ന മാർഗംകളി കാണാനായി ഭാര്യ സ്മിതയ്ക്കൊപ്പം കലോത്സവവേദിയിൽ എത്തിയതായിരുന്നു ശിവദാസൻ. നൃത്തം പഠിക്കാൻ മകളെ വിടുന്നുണ്ട്. പയ്യന്നൂരുള്ള ഗുരുനാഥൻ കൃഷ്ണന്റെയടുത്താണ് വിടുന്നത്; കലയോടുള്ള സ്‌നേഹംകൊണ്ടു മാത്രം. കലോത്സവത്തെ കടുത്ത മത്സരമായി കാണാനും ഈ കുടുംബം തയ്യാറല്ല. കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിനെ പ്രതിനിധാനം ചെയ്താണ് മകൾ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയിൽ പങ്കെടുത്തത്. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ്. ഈ ടീമിന് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

അഭിനയത്തേക്കാൾ പോലീസുദ്യോഗത്തോടാണ് ശിവദാസന്‌ പ്രഥമ പരിഗണന. പേരും പ്രശസ്തിയും നേടിക്കൊടുത്തത് പക്ഷേ, കലാരംഗമാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വാങ്ങിയപ്പോൾ കിട്ടിയ പ്രശസ്തിയേക്കാൾ എത്രയോ ഇരട്ടിയാണ് ‘റൈറ്റർ ശിവദാസനി' ലൂടെ ലഭിച്ചത്.

സിനിമയിൽ അഭിനയിക്കണമെന്ന് ഏറെയൊന്നും ആഗ്രഹിക്കാതിരുന്നിട്ടും നാടറിയുന്ന അഭിനേതാവായി. ഔദ്യോഗിക ജീവിതത്തിലെ സംഘർഷങ്ങൾക്കിടയിലെ വലിയൊരാശ്വാസമാണിപ്പോൾ സിനിമ.