തൃശ്ശൂര്‍: അഞ്ചുനാള്‍ തൃശ്ശൂരിന് കലയുടെ വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കിരീടം സമ്മാനിച്ച് തിരിതാഴ്ന്നു. ഇനി ആലപ്പുഴയില്‍ കാണാമെന്ന പ്രതീക്ഷയുമായി. 

ചടങ്ങിന്റെ സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് അടുത്തവര്‍ഷത്തെ കലോത്സവ വേദി പ്രഖ്യാപിച്ചത്. 

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കനക കിരീടം സ്വന്തമാക്കിയത്.
 
മത്സരത്തിന്റെ ആദ്യ ദിനം മുതല്‍ പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയതെങ്കിലും അവസാന നിമിഷം കിരീടം കോഴിക്കോടിന് തന്നെ ലഭിക്കുകയായിരുന്നു.