തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവ മത്സരത്തില്‍ ആദ്യം കയറിപ്പറ്റാന്‍ പതിനെട്ടടവിന് പുറമേ 'മരണ'നാടകവും. ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിലാണ് ക്ളസ്റ്റര്‍ അഞ്ചിലെ ഒരു ടീം അംഗത്തിന്റെ അഛന്‍ മരിച്ചുവെന്ന് കാണിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തു കൊടുത്തത്.  പക്ഷേ, അവരുടെ കപടനാടകം ഡി.പി.ഐ തന്നെ ഇടപെട്ടതിനാല്‍ ചീറ്റിപ്പോയി. മരണമന്വേഷിച്ച് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അന്വേഷിച്ചത് വീട്ടുകാരേയും പരിഭ്രാന്തരാക്കി.

 അഛന്‍ മരിച്ചതിനാല്‍ അവരുടെ നാടകം  ക്ലസ്റ്ററില്‍ ആദ്യമാക്കണമെന്നായിരുന്നു ആവശ്യം. കത്ത് കിട്ടിയതനുസരിച്ച് മാനുഷിക പരിഗണന കണക്കിലെടുത്ത് അപേക്ഷയ്ക്ക് അനുകൂല തീരുമാനവുമെടുത്തു. തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഈ സംഘത്തിന്റെ സ്‌കൂളുമായി ബന്ധപ്പെട്ടു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലുള്ള സ്‌കൂളിന്റെ നാടകസംഘമായിരുന്നു ഇത്. അച്ഛന്‍ മരണപ്പെട്ടുവെന്ന് പറയുന്ന വിദ്യാര്‍ഥിയുടെ വീടുമായി ബന്ധപ്പെട്ടു. മരണപ്പെട്ടുവെന്ന് പറയപ്പെടുന്നയാള്‍ വീട്ടില്‍ ഇല്ലായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാത്തിരുന്ന ഭാര്യയ്ക്ക് കിട്ടിയത് മരണം സ്ഥിരീകരിക്കാനുള്ള ഫോണ്‍ വിളി. 

 പരിഭ്രാന്തയായ വീട്ടമ്മ നിലവിളിച്ചുകൊണ്ട് മകന്‍ നാടകം കളിക്കുന്ന വേദിക്കരികില്‍ വരെയെത്തിയത്രേ. അപ്പോഴാണ് പരേതനെന്ന് നാടകക്കാര്‍ മുദ്ര ചാര്‍ത്തിയ നടന്റെ അച്ഛന്റെ ഫോണ്‍ വിളി വന്നത്. അതോടെ വീട്ടുകാര്‍ക്ക് സമാധാനമായി. കള്ളത്തരം പൊളിഞ്ഞതോടെ നാടകം പഴയ സ്ഥിതിയിലേക്ക് മാറ്റി.  കുട്ടിയുടെ അച്ഛന്‍ മരിച്ചെന്ന വിവരം കിട്ടിയതിനാലാണ് കത്ത് നല്‍കിയതെന്നും വിവരം തെറ്റാണെന്നറിഞ്ഞപ്പോള്‍ സംഘാടകരെ അക്കാര്യം അറിയിച്ചിരുന്നെന്നും നാടക സംവിധായകന്‍ പറയുന്നു.