തൃശ്ശൂര്‍: കലോത്സവത്തില്‍ മത്സരിക്കാന്‍ അപ്പീല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്നും കോഴവാങ്ങിയ രണ്ട് നൃത്താധ്യാപകരെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി ജോബി, തൃശ്ശൂര്‍ സ്വദേശി സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ദക്ഷിണ മേഖലാ ഐ.ജി എസ്. ശ്രീജിത്ത് അറിയിച്ചു. എസ്.പി ഉണ്ണിരാജയ്ക്കാണ് അന്വേഷണ ചുമതല.

വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരാണെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് പണം കൈപറ്റുകയായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്റ വ്യാജ സീല്‍ നിര്‍മിച്ച് രേഖയുണ്ടാക്കി. ഇതിന് പിന്നില്‍ വലിയ സംഘങ്ങളുണ്ടെന്ന് ഐ.ജി ശ്രീജിത്ത് പ്രതികരിച്ചു.

വ്യാജ അപ്പീലിനു പിന്നിലുള്ളവരെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. പലരും നിരീക്ഷണത്തിലാണ്. സംസ്ഥാനവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ അപ്പീലുകള്‍ പത്തെണ്ണമാണ് കലോത്സവത്തില്‍ കണ്ടെത്തിയത്. 

വ്യാജമാണെന്നു പറഞ്ഞ് തിരിച്ചയച്ചതോടെ  ആദ്യ ദിവസം വന്നവരെ പിന്നീട് കണ്ടില്ല. രക്ഷിതാക്കളെ വ്യാജ  അപ്പീലുകള്‍ നല്‍കി കബളിപ്പിക്കുകയാണ് ഉണ്ടായത്. 20000 രൂപ മുതല്‍ ഈടാക്കിയാണ് ഇതു നല്‍കിയത്. നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിഗമനം. വ്യാജ അപ്പീലുകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത് കൈയിലുള്ളവര്‍ കലോത്സവമോഹം തന്നെ ഉപേക്ഷിച്ചു. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്.

Content Highlights: Fake Appeal kalolsavam2018  schoolkalolsavam2018 schoolyouthfestival2018