തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍ വന്നതിന്റെ ഉറവിടം തേടി പോലീസ് രംഗത്ത്. ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍  ക്രൈംബ്രാഞ്ച് കേസെടുത്തു. 

പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. ഈസ്റ്റ് പോലീസ് ഈ കേസ്‌െൈ ക്രംബ്രാഞ്ചിനു കൈമാറി. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി. എന്‍. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.

വ്യാജ അപ്പീലിനു പിന്നിലുള്ളവരെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. പലരും നിരീക്ഷണത്തിലാണ്. സംസ്ഥാനവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ അപ്പീലുകള്‍ പത്തെണ്ണമാണ് കലോത്സവത്തില്‍ കണ്ടെത്തിയത്. 

വ്യാജമാണെന്നു പറഞ്ഞ് തിരിച്ചയച്ചതോടെ  ആദ്യ ദിവസം വന്നവരെ പിന്നീട് കണ്ടില്ല. രക്ഷിതാക്കളെ വ്യാജ  അപ്പീലുകള്‍ നല്‍കി കബളിപ്പിക്കുകയാണ് ഉണ്ടായത്. 20000 രൂപ മുതല്‍ ഈടാക്കിയാണ് ഇതു നല്‍കിയത്. നൂറു കണക്കിന് വ്യാജ അപ്പീലുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിഗമനം. വ്യാജ അപ്പീലുകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത് കൈയിലുള്ളവര്‍ കലോത്സവമോഹം തന്നെ ഉപേക്ഷിച്ചു. 
സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്. 

അനുവദിച്ചത് 12 എണ്ണം മാത്രം 
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലഭിച്ച അപ്പീലുകളില്‍ പരിശോധനയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അയച്ചുനല്‍കിയ 10 എണ്ണവും വ്യാജമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്ഥിരീകരിച്ചു. ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് ആദ്യത്തെ വ്യാജ അപ്പീല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കമ്മിഷന്‍ നടപടി സ്വീകരിച്ചു.

ഈവര്‍ഷം ലഭിച്ച 170-ഓളം അപ്പീലുകളില്‍ വ്യക്തമായ ബാലാവകാശലംഘനം ശ്രദ്ധയില്‍പ്പെട്ട 12 എണ്ണം മാത്രമാണ് കമ്മിഷന്‍ അനുവദിച്ചത്. യോഗ്യരായ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനായി ഇവയുടെ വിശദവിവരവും യഥാസമയം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കമ്മിഷന്‍ വക്താവ് അറിയിച്ചു.