തൃശ്ശൂര്‍: കവിത വിട്ട് പുറത്തിറങ്ങിയപ്പോള്‍ രതീഷിന്റെ മനസ്സില്‍ കടല്‍ മാത്രമായിരുന്നു. സ്വന്തം കുടുബത്തിലെ ആറ് ജീവനുകളെ കടലില്‍ നഷ്ടപ്പെടുത്തിക്കൊണ്ട് ഓഖി തന്ന കണ്ണീരും കദനവും മാത്രമായിരുന്നു ഉള്ളില്‍. വൈരമുത്തുവിന്റെ 'കാതലിത്ത് പാറ്' എന്ന കവിതയാണ് ഹയര്‍ സെക്കന്ററി വിഭാഗം തമിഴ് പദ്യ മത്സരത്തില്‍ രതീഷ് പാടിയത്. കാതലും കനവും പറഞ്ഞ് അവന്‍ ഒരു കവിയായി. 

കന്യാകുമാരിയിലെ നീരോടി സ്വദേശിയായ രതീഷിന് ഓഖി ദുരന്തത്തില്‍ ആറ് സ്വന്തക്കാരെയാണ് നഷ്ടപ്പെട്ടത്. നീരോട് കടപ്പുറ മേഖലയില്‍ മാത്രം പതിനാലോളം പേരാണ് ഓഖിയില്‍ മരിച്ചത്. പരമ്പരാഗത മത്സ്യബന്ധനം ഉപജീവന മാര്‍ഗമാക്കി മാറ്റിയ ഇവര്‍ക്ക് കടല്‍ തന്നെയായിരുന്നു ജീവിതം. മത്സ്യബന്ധനത്തിനു പോയ ഉറ്റവരെ കടല്‍ തിരിച്ചു തന്നത് ജീവനില്ലാത്ത രൂപത്തിലായിരുന്നു.

ഓഖി അവശേഷിപ്പിച്ച ദുരന്തത്തിന്റെ കണ്ണീരടങ്ങും മുന്‍പേയാണ് വൈദിക വിദ്യാര്‍ഥിയായ രതീഷ് സ്റ്റീഫന്‍ സംസ്ഥാന കലോത്സവേദിയിലെത്തിയത്. അല്‍പ്പനേരം കടലും കണ്ണീരും മറന്നു, പിന്നെ കാതല്‍ കഥകള്‍ പറഞ്ഞു കാണികളെ രസിപ്പിച്ചു. 

പുരോഹിതനാവാന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വളരെ അപൂര്‍വ്വമായാണ് കലോത്സവ വേദികളിലെത്തുന്നത്. എന്നാല്‍ തമിഴ് സ്വന്തം ഭാഷയായ രതീഷിന്റെ താല്‍പര്യവും തമിഴ് ഭാഷാ പ്രാവീണ്യവും കണക്കിലെടുത്ത് സ്‌കൂള്‍ അധികൃതരും രതീഷ് പഠിക്കുന്ന ലിയോനാര്‍ഡ് മുരിക്കാള്‍ഡോ സെമിനാരിയിലെ വൈദികരും രതീഷിനെ പിന്തുണച്ചു. അങ്ങനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തമിഴ് പദ്യമത്സരത്തില്‍ രതീഷ് മാറ്റുരച്ചു. രണ്ടാം തവണയും ബി ഗ്രേഡ് ആണ് രതീഷ് നേടിയത്.