തൃശ്ലൂര്‍ വിവേകോദയം സ്‌കൂള്‍ ഇത്തവണ ആട്ടത്തിരുവിളയാട്ടവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവ നാടക വേദിയില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ കാഴ്ചക്കാരിയായി ഇത്തവണയും നടി ജയശ്രീ ശിവദാസ്‌ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയിലെ ദേവതാരു വേദിയിലുണ്ടായിരുന്നു. തന്റെ പഴയ സ്‌കൂളിന്റെ നാടകം കാണാന്‍. പരീക്ഷാ തിരയ്ക്കാണെങ്കിലും വിവേകോദയത്തിന്റെ  നാടകം തനിക്ക് കാണാതിരിക്കാനാവില്ലെന്ന്  ജയശ്രീ പറയുന്നു.

നാടക വേദിയിലെ വിശേഷങ്ങള്‍

ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ നാടകം മുതല്‍ ഞാന്‍ ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായിട്ടുണ്ട്. ഇന്ന് വിവേകോദയത്തിന്റെ നാടകമുണ്ടായിരുന്നു. പരീക്ഷാ തിരക്കാണെങ്കിലും ഇത്തവണയും വിവേകോദയത്തിന്റെ നാടകം വിട്ട് പോകരുതെന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് നേരത്തെയെത്തിയത്. ഇവിടെയെത്തിയപ്പോള്‍ എന്നെ പണ്ട് നാടകം പഠിപ്പിച്ചവരെയും അധ്യാപകരെയുമെല്ലാം കാണാനായി. വലിയ സന്തോഷം

വിവോകോദയത്തിന്റെ ആട്ടത്തിരുവിളയാട്ടത്തെക്കുറിച്ച്

വിവേകോദയം സ്‌കൂളിന്റെ നാടകം ഉണ്ടെന്ന് പറഞ്ഞാല്‍ വലിയ താല്‍പര്യമായിരിക്കും കാണികള്‍ക്ക്. അത്ര മനോഹരമായിട്ടാണ് അവര്‍ ഓരോ കഥാപാത്രത്തെയും അരങ്ങിലേക്കെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വിവേകോദയത്തിന്റെ നാടകത്തിനായിരുന്നു എ ഗ്രോഡ്. ഇത്തവണ ആട്ടത്തിരുവിളയാട്ടവുമായാണ് മത്സരിക്കാനെത്തിയത്. ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് ആട്ടത്തിരുവിളയാട്ടം. കാടിനെതിരെ നടക്കുന്ന അധിനിവേശമാണ് ആട്ടത്തിരുവിളയാട്ടം ചര്‍ച്ച ചെയ്യുന്നത്. കാടിനെ കാട്ടിനും കാട്ടുവാസികള്‍ക്കും മറ്റ്  ജീവികള്‍ക്കും  വിട്ട് കൊടുക്കാതെ അവിടെ കടന്ന് ചെല്ലുകയും തന്റേതായ ലോകം അവിടെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആധുനിക കാലത്തെ മനുഷ്യര്‍ക്കെതിരെയുള്ള ശബ്ദമാണ് അട്ടത്തിരുവിളയാട്ടം. എത്ര തന്നെ ശ്രമിച്ചാലും കാടിനെ കാടിന് തന്നെ തീര്‍ച്ചയായും നമ്മള്‍ വിട്ട് കൊടുക്കേണ്ടിയും വരുമെന്ന് നാടകം പറഞ്ഞുവെക്കുന്നു.

എങ്ങനെയായിരുന്നു വിവേകോദയത്തിലെ നാടക ഓര്‍മകള്‍

ഞാന്‍ പ്ലസ് വണ്‍, പ്ലസ് ടു കാലത്താണ് വിവേകോദയത്തിന്റെ നാടകത്തില്‍ പങ്കെടുത്ത് സംസ്ഥാന തലത്തില്‍ എത്തിയത്. പാലക്കാട് കലോത്സവമായിരുന്നു അത്. ഇന്ന് വിവേകോദയത്തിന്റെ ആട്ടത്തിരുവിളയാട്ടം സംവിധനം ചെയ്ത നിഖില്‍ദാസ് രചന നിര്‍വഹിച്ച പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്നതായിരുന്നു നാടകത്തിന്റെ പേര്. അപ്പീലുകള്‍ ഏറെയുള്ള നാടക മത്സരമായിരുന്നു അത്. അന്ന് നാലാം സ്ഥാനമാണ് നാടകത്തിന് ലഭിച്ചത്. ഉണ്ണി ആറിന്റെ കോട്ടയം 17 എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരം. എങ്കിലും ആ നാടകത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ ഭാഗ്യം.

പഠനം, സിനിമ

ഇപ്പോള്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. പരീക്ഷാ സമയമാണിപ്പോള്‍. എങ്കിലും പഴയ സ്‌കൂളിന്റെ നാടകം കാണാതിരിക്കാനാവില്ല. ആക്ഷന്‍ ഹീറോ ബിജുവാണ് അവസാനമായി അഭിനയിച്ച ചിത്രം. മരതകക്കാട് എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഇന്ന് വിവേകോദയം അവതരിപ്പിച്ച നാടകത്തിന്റെ ഇതിവൃത്തത്തോട് സമാനമായതാണ് പുതിയ ചിത്രത്തിന്റെയും കഥ. കാട്ടിലേക്കുള്ള മനുഷ്യന്റെ അധിനിവേശം തന്നെ. 

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Jayashree Sivadas Malayalam Actress