തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ കണ്ട ആര്‍ക്കും കാസര്‍ക്കോട്ടുകാരന്‍ ഉണ്ണിരാജിനെ അത്ര പെട്ടെന്ന് മറക്കാനാവില്ല. ചെറുതെങ്കിലും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രാജേഷ് അമ്പടിത്തറ എന്ന യുവ കവി.

സിനിമയ്ക്കപ്പുറം നാടകവേദിയിലും സ്‌കൂള്‍ കലോത്സവ മേളകളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു ഉണ്ണിരാജ്. ഒരു കലോത്സവം കൂടി വന്നെത്തുമ്പോള്‍ പഴയ ഉണ്ണിരാജില്‍ നിന്നും മാറി മനോഹരമായൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് തൃശ്ശൂരിലേക്കെത്തുന്നത്. ഉണ്ണിരാജ് തന്റെ കലോത്സവ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

കലോത്സവ വേദിയുമായുള്ള ബന്ധം?

പതിനെട്ട് വര്‍ഷമായി കലോത്സവ വേദിയിലെ സ്ഥിരം സാന്നിധ്യമാണ് ഞാന്‍.  മൈം, സ്‌കിറ്റ് എന്നിവയാണ് പ്രധാന ഐറ്റം. ഓരോ കലോത്സവത്തിനും എട്ട് മുതല്‍ പത്ത് വരെ ടീമുകളെ പരിശീലിപ്പിക്കാറുണ്ട്. പക്ഷെ അന്നൊന്നും ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല. സ്‌കൂളില്‍ തന്നെ കിടന്ന് അവിടുന്ന് തന്നെ കുളിച്ച്‌ റെഡിയായി കുട്ടികളെ പഠിപ്പിച്ച് കലോത്സവത്തിനെത്തിച്ച കാലം.

ഈ വര്‍ഷത്തെ കലോത്സവം?

സിനിമയില്‍ കയറിയാലും കലോത്സവത്തെ അങ്ങനെ വിടാന്‍ കഴിയില്ല. ഇക്കുറിയുമുണ്ട് മൈമും സ്‌കിറ്റുമായി എന്റെ ടീമുകള്‍. പഴയതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സിനിമാ നടന്റെ പരിവേഷത്തോട് കൂടിയാണ് കലോത്സവത്തിനെത്തുന്നത് എന്നത് ഏറേ സന്തോഷം നല്‍കുന്നു.

കലോത്സവ വേദിയില്‍ ഗ്യാപ്പില്ലാതെ കുറച്ച് കാലങ്ങളായി കുട്ടികളെ എത്തിക്കാന്‍ കഴിയുന്നുണ്ട്. അത് ഇത്തവണയും സാധിക്കുമെന്നാണ് പ്രതീക്ഷ. പല സംസ്ഥാന കലോത്സവത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും പ്രതീക്ഷയിലാണ്. എല്ലാ വര്‍ഷവും മാസങ്ങളോളം ഇതിനായി സമയം ചെലവഴിക്കാറുണ്ട്. അതിന്റെ ഫലവും ലഭിക്കാറുണ്ട്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും നല്‍കിയ മാറ്റം?

സിനിമ ഇറങ്ങിയതോടെ അത്യാവശ്യം പലര്‍ക്കും എന്നെ അറിയാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ട് പരിപാടിക്കൊക്കെ പോവുമ്പോള്‍ റൂം പോലും കിട്ടിയിരുന്നില്ല. എന്നാല്‍ സിനിമ ഇറങ്ങിയശേഷം അതിന് മാറ്റം വന്നിട്ടുണ്ട്. അത്യാവശ്യം കാശൊക്കെ കിട്ടാന്‍ തുടങ്ങിയിട്ടുമുണ്ട്. 

പുതിയ ചിത്രം?

ചിത്രീകരണം നടക്കുന്ന അരവിന്ദന്റെ യാത്രകള്‍, കായംകുളം കൊച്ചുണ്ണി എന്നിവയില്‍ വേഷമിടുന്നുണ്ട്. അതിനിടയിലാണ് കലോത്സവത്തിലെ സ്ഥിരം റോളില്‍ ഉണ്ണിരാജ് എത്തുന്നത്. ഏറെ ചിരിയും ഏറെ സന്തോഷവും സമ്മാനിക്കാനായി. 

Content Highlights: actor unniraj shares his experiance in school kalolsavam