യേശുദാസിനും ജയചന്ദ്രനും തൃശ്ശൂര്‍ പി. ഗോവിന്ദന്‍കുട്ടി എന്ന നാഗസ്വരവിദ്വാനെ അടുത്തറിയാം. എന്നാല്‍, 1958-ലെ രണ്ടാം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ സമാപനത്തില്‍ ഇരുവര്‍ക്കുമൊപ്പം ഹാര്‍മോണിയം വായിച്ച കുട്ടി, ഗോവിന്ദന്കുട്ടിയായിരുന്നെന്ന് അവരിപ്പോഴും അറിഞ്ഞിട്ടില്ല.
അതറിയാവുന്നത് ഗോവിന്ദന്‍കുട്ടിയുടെ ചുരുക്കം അടുപ്പക്കാര്‍ക്കു മാത്രം. താനായിരുന്നു അതെന്ന് പറഞ്ഞുനടക്കാന്‍ ഇഷ്ടപ്പെടാതെ, സംഗീതത്തെ ഉപാസിച്ച് അദ്ദേഹം സ്വന്തം വിലാസം കലാഭൂപടത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ പൂത്തോളിലെ പുത്തൂര്‍ വീട്ടില്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം താമസം. സംഗീതലോകത്ത് സജീവം.
ഏറെ പ്രശസ്തമാണ് 1958-ലെ ആ ചിത്രം. തിരുവനന്തപുരം മോഡല്‍ സ്കൂളിലായിരുന്നു കലോത്സവം. സമാപനയോഗത്തിനുമുമ്പ് ഒന്നാംസ്ഥാനക്കാരുടെ അവതരണമുണ്ടായിരുന്നു. വായ്പാട്ടില്‍ ഒന്നാംസ്ഥാനം കിട്ടിയ യേശുദാസും മൃദംഗത്തില്‍ ഒന്നാമനായ ജയചന്ദ്രനും ചേര്‍ന്നുള്ള കച്ചേരിയായിരുന്നു ഒരിനം. അന്ന് തംബുരുവോ ശ്രുതിപ്പെട്ടിയോ കിട്ടിയില്ല. ആകെയുള്ളത് ഒരു ഹാര്‍മോണിയം. അതു വായിക്കാന്‍ ഒരാളെ വേണം. വായ്പാട്ട് മത്സരത്തില്‍ പങ്കെടുത്ത ഗോവിന്ദന്‍കുട്ടിയോട് ഹാര്‍മോണിയത്തില്‍ ശ്രുതി കൊടുക്കാന്‍ സംഘാടകരിലൊരാള്‍ ആവശ്യപ്പെട്ടു. മൂന്നാമതായി ആ കുട്ടിയും വേദിയില്‍ കയറി. ഫോട്ടോയില്‍ പതിഞ്ഞത് ഗോവിന്ദന്‍കുട്ടിയുടെ ഭാഗികബിംബം. യേശുദാസിന്റെയും ജയചന്ദ്രന്റെയും പേരില്‍ ചിത്രം കലോത്സവചരിത്രത്തിന്റെ ഭാഗമായി.
തൃശ്ശൂര്‍ വിവേകോദയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായാണ് ഗോവിന്ദന്‍കുട്ടി വായ്പാട്ടില്‍ മത്സരിച്ചത്. 1959, 1960 വര്‍ഷങ്ങളിലെ കലോത്സവങ്ങളിലും മത്സരിച്ചിരുന്നു. സ്കൂള്‍ പഠനശേഷം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് ചിത്രരചനയില്‍ ഡിപ്ലോമ നേടി. പി ഗോവിന്ദന്‍കുട്ടി
നാഗസ്വരവിദ്വാനായ അച്ഛന് പി.കെ. ശങ്കരനില്‍നിന്ന് കിട്ടിയ സംഗീതപാഠങ്ങളുമായാണ് കലോത്സവത്തില്‍ മത്സരിച്ചത്. ചിത്രരചനാപഠനത്തിനൊപ്പം തമിഴ്നാട് സര്‍ക്കാരിന്റെ മ്യൂസിക് ഡിപ്ലോമയ്ക്ക് പ്രൈവറ്റായി പഠിച്ച് അതു ജയിച്ചു. 1997-ല്‍ തൃശ്ശൂര്‍ എസ്.ആര്.വി. മ്യൂസിക് സ്കൂളില്‍നിന്ന് വിരമിച്ചു.
സര്‍ക്കാര്‍ ജീവനക്കാരനായിരുന്നപ്പോള്‍ ജി.കെ. പൂത്തോള്‍ എന്ന പേരില്‍ ലളിതഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ ലളിതഗാനം പാടി മകള്‍ സുനിത സംസ്ഥാന കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. 2005-ല്‍ കേരള സംഗീത നാടക അക്കാദമി നാഗസ്വരത്തിന് നല്കിയ അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. 2012-ല്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതഗാനം ചിട്ടപ്പെടുത്തിയതും ഗോവിന്ദന്‍കുട്ടിയായിരുന്നു.
യേശുദാസിന്റെ പ്രശസ്തമായ രണ്ട് അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് ഇദ്ദേഹമാണ് നാഗസ്വരം വായിച്ചത്. 'കാട്ടില്‍ വന്നു ഞാന്‍ കൂട്ടുവിട്ടു...', 'വിഷ്ണുമായയില്‍ പിറന്നവനേ എന്നേ വിശ്വമായയില്നിന്നുമുണര്ത്തൂ...' എന്നിവയാണവ. വിദ്യാധരനായിരുന്നു അവ ചിട്ടപ്പെടുത്തിയത്. ജയചന്ദ്രന് ഒരിക്കല്‍ തൃശ്ശൂരില്‍ നടത്തിയ ഗാനമേളയ്ക്ക് ഷഹനായിയും വായിച്ചു. ജയചന്ദ്രന്റെ കല്യാണത്തിന് നാഗസ്വരക്കച്ചേരിയും ഗോവിന്ദന്‍കുട്ടിയുടേതായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.