എട്ടാം വട്ടമാണ് സംസ്ഥാനമേള പൂരത്തിന്റെ നാട്ടിലേക്കെത്തുന്നത്. ഒരു തവണ ഇരിങ്ങാലക്കുടയിലും എത്തി. 1962-ലെ കലോത്സവം ഒഴിച്ച് എല്ലാം അതതു കാലത്തെ പ്രൗഢിയോടെയാണ് നടന്നത്. 62-ൽ ഇന്ത്യ-ചൈന യുദ്ധമാണ് ഉത്സവത്തിന്റെ ഒളി ഒന്നു മങ്ങിച്ചത്. തൃശ്ശൂർ കണ്ട മുൻ കലോത്സവങ്ങളിലൂടെ  ജി. രാജേഷ്‌ കുമാറിന്റെ സഞ്ചാരം.

ആർഭാടമില്ല: 1962 പങ്കെടുത്തത്‌ 500 കുട്ടികൾ

ഏഴാമത്തെ സംസ്ഥാന മേളയായിരുന്നു. മോഡൽ സ്‌കൂളിലായിരുന്നു അന്നത്തെ വേദി. ഇന്ത്യ-ചൈന യുദ്ധം നടന്നത്  അക്കൊല്ലമായിരുന്നു.

അക്കാരണം കൊണ്ട് ആർഭാടം തീരെ ഒഴിവാക്കിയിരുന്നു. 500 കുട്ടികൾ പങ്കെടുത്തു. 20 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയ്ക്കായിരുന്നു കിരീടം.  തൃശ്ശൂരിന് രണ്ടാം സ്ഥാനവും എറണാകുളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

സുവനീർ തുടങ്ങിയ കലോത്സവം: 1968 ആലപ്പുഴ പിടിച്ചു മേയേഴ്‌സ്‌ റോളിങ്‌ കപ്പ്‌

കലോത്സവ വിശേഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ സുവനീർ ഇറക്കുന്ന സമ്പ്രദായത്തിന് തുടക്കമിട്ടത് 68-ലെ തൃശ്ശൂർ കലോത്സവത്തിലാണ്. മോഡൽ സ്‌കൂൾ തന്നെയാണ് അന്നും വേദിയായത്. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാഭ്യാസ ജില്ലയ്ക്ക് നൽകി വന്നിരുന്ന മേയേഴ്‌സ് റോളിങ് കപ്പ് ആലപ്പുഴയ്ക്കാണ് പോയത്. കോട്ടയത്തിന് രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുടയ്ക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. വയലിനിൽ അന്ന് ഒന്നാമതെത്തിയ ടി.എച്ച്. ലളിത പിന്നീട് ഈ രംഗത്തെ പ്രശസ്ത കലാകാരിയായി മാറി.

ചിത്രോദയം: 1978 സുവനീർ പത്രാധിപസമിതി ചെയർമാൻ വൈലോപ്പിള്ളി

മലയാളിക്ക് ഒരു വാനമ്പാടിയെ കിട്ടിയത് 1978-ൽ തൃശ്ശൂരിൽ നടന്ന കലോത്സവത്തിലായിരുന്നു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഹൈസ്‌കൂളിൽ നിന്നാണ് അന്ന് കെ.എസ്. ചിത്ര ലളിതഗാനത്തിൽ മത്സരിച്ചത്. 62 ഇനങ്ങളിലായി 900 കുട്ടികൾ പങ്കെടുത്ത കലോത്സവമായിരുന്നു തേക്കിൻകാട് മൈതാനത്ത് നടന്നത്.

തിരുവനന്തപുരമായിരുന്നു ചാമ്പ്യൻമാർ. മൂവാറ്റുപുഴ രണ്ടാമതും മൂന്നാമത് തൃശ്ശൂരും എത്തി. ഡി.പി.ഐ. പദവിയിൽനിന്ന് തൃശ്ശൂർകാരനായ ചിത്രൻ നമ്പൂതിരിപ്പാട് വിരമിച്ചത് അക്കൊല്ലമായിരുന്നു. കലോത്സവത്തിന്റെ സമാപന യോഗത്തിൽ അദ്ദേഹത്തെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. ഗായകൻ കൃഷ്ണചന്ദ്രന്റെ സഹോദരി എൻ.കെ. മീരയാണ് ചിത്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനം നേടിയത്.

പദ്യം ചൊല്ലലിൽ മീര ഒന്നാമതും എത്തി. അക്കൊല്ലത്തെ സുവനീറിന്റെ പത്രാധിപസമിതി ചെയർമാൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ആയിരുന്നു.

ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട:  1970 - 70 പോയിന്റുമായി ഇരിങ്ങാലക്കുട

1970-ലെ കലോത്സവം നടന്നത് ഇരിങ്ങാലക്കുടയിലായിരുന്നു. ഗവ.ബോയ്സ് ഹൈസ്കൂളിലായിരുന്നു വേദി. അന്ന് 70 പോയിന്റുമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്കായിരുന്നു കിരീടം. എറണാകുളം രണ്ടാമതും തിരുവനന്തപുരം മൂന്നാമതും എത്തി.28 ഇനങ്ങളിലായി അറുനൂറോളം കുട്ടികൾ പങ്കെടുത്തു. ഈ കലോത്സവത്തിലാണ് ശാസ്ത്രീയ സംഗീതത്തിൽ പാറശ്ശാല പൊന്നമ്മാൾ എന്ന പേരിൽ പിന്നീട് പ്രശസ്തയായ പി.പൊന്നമ്മാൾ ഒന്നാം സ്ഥാനം നേടിയത്. വയലിനിൽ ടി.എച്ച്.ലളിതയും അന്ന് ഒന്നാമതെത്തി.

തിലകവും പ്രതിഭയും പിറന്നത്‌ തൃശ്ശൂരിൽ:  1986 - തിരുവനന്തപുരവും വിനീതും

സംസ്ഥാന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്ക് കലാപ്രതിഭാപ്പട്ടവും പെൺകുട്ടിക്ക് കലാതിലകപ്പട്ടവും നിലവിൽ വന്നത് 1986-ൽ തൃശ്ശൂരിൽ നടന്ന കലോത്സവത്തിലാണ്.  നടൻ വിനീതായിരുന്നു കലാപ്രതിഭ. പൊന്നമ്പിളിയായിരുന്നു തിലകം.

മുനിസിപ്പൽ സ്റ്റേഡിയമായിരുന്നു അന്നത്തെ പ്രധാന വേദി. മൊത്തം അഞ്ച് വേദികൾ.
81 ഇനങ്ങളിലായി അന്ന് പങ്കെടുത്തത് മൂവായിരത്തോളം കുട്ടികൾ. തിരുവനന്തപുരമായിരുന്നു ജേതാക്കൾ. പാലക്കാട് രണ്ടാമതും ആലുവ മൂന്നാമതും എത്തി. 86-ൽ തൃശ്ശൂർ കലോത്സവത്തിനു മൂന്നാഴ്ച മുമ്പാണ് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അന്തരിച്ചത്. അദ്ദേഹമാണ് കിരീട ജേതാക്കൾക്കുള്ള സ്വർണക്കപ്പ് എന്ന ആശയം തൊട്ടു മുൻവർഷം അവതരിപ്പിച്ചത്. എന്നാൽ 87-ലാണ് സ്വർണക്കപ്പ് യാഥാർഥ്യമായത്.

സ്വർണക്കപ്പിൽ കോഴിക്കോടിന്‌ ഹാട്രിക്: 1993 72 ഇനങ്ങളിൽ പങ്കെടുത്തത്‌ 2500 കുട്ടികൾ

നൂറ്റിപ്പതിനേഴരപ്പവന്റെ സ്വർണക്കപ്പ് മൂന്നാം വട്ടവും കോഴിക്കോട്ടേക്ക് പോവുന്ന കാഴ്ചയാണ് 1993-ലെ തൃശ്ശൂർ കലോത്സവം കണ്ടത്.
1991, 92,93 വർഷങ്ങളിൽ കോഴിക്കോട്‌ കപ്പടിച്ചു. മുനിസിപ്പൽ സ്റ്റേഡിയം തന്നെയായിരുന്നു ഒന്നാം വേദി. എട്ടു വേദികളിലായി 72 ഇനങ്ങളാണ് അന്ന് നടന്നത്. രണ്ടായിരത്തഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. കാസർകോട് അട്ടേങ്ങാനം ഗവ. ഹൈസ്‌കൂളിലെ മുരളിഭട്ട് കലാപ്രതിഭയും കോഴിക്കോട് ഗവ. ഗണപത് ഹൈസ്‌കൂളിലെ ബി. ഭവ്യലക്ഷ്മി കലാതിലകവുമായി. മഞ്ജുവാര്യർ, വിനീത് കുമാർ എന്നിവരും അക്കൊല്ലത്തെ കലോത്സവത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു.

അപ്പീൽ പ്രവാഹം: 2004 - വന്നത്‌ 667  അപ്പീലുകൾ

തൃശ്ശൂരിൽ നടന്ന 2004-ലെ കലോത്സവം ഇപ്പോഴത്തെ അപ്പീൽ പ്രളയത്തിന്റെ തുടക്കമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. തൊട്ടുമുൻകൊല്ലത്തേക്കാൾ ഇരട്ടി അപ്പീലുകളാണ് അക്കൊല്ലം ഉണ്ടായത്.

അന്നത്തെ അപ്പീലുകളിൽ ഭൂരിഭാഗവും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ അനുവദിച്ചവയായിരുന്നു. മത്സരത്തിന്റെ തലേന്നുവരെ അപ്പീൽ അനുവദിച്ച സംഭവം കലാമേളയിൽത്തന്നെ ആദ്യമായിട്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി, സംസ്ഥാന കലോത്സവം കുറ്റമറ്റതാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ പിന്നീടുള്ള മന്ത്രിമാരും മുഖ്യമന്ത്രിമാരും ഇതേ പല്ലവി ആവർത്തിക്കുന്നതാണ് കഴിഞ്ഞ കൊല്ലംവരെ കണ്ടത്. തൃശ്ശൂർ കോർപ്പറേഷനായ ശേഷം നടന്ന കലോത്സവം കൂടിയായിരുന്നു 2004-ലേത്. സ്റ്റേഡിയമായിരുന്നു ഒന്നാംവേദി

70 ഇനങ്ങളിലായി നാലായിരത്തിയഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. കോഴിക്കോടിനായിരുന്നു കിരീടം. കലാപ്രതിഭാ പട്ടം തൃശ്ശൂർ സി.എം.എസ്. ഹൈസ്കൂളിലെ പ്രജോദ് വി. ഡെൻസിലും കോഴിക്കോട് കാപ്പാട് ഇലാഹിയ സ്കൂളിലെ എ.എസ്.ആദർശും പങ്കിട്ടു. കണ്ണൂർ ദീനുൽ ഇസ്‌ലാം സ്കൂളിലെ എം. ശ്രീലേഖ കലാതിലകമായി.

വിധികർത്താക്കൾ കുഴപ്പിച്ച മേള:  2012 - വിധികർത്താക്കൾ ഓടിയ മേള
 
രണ്ടു വിധികർത്താക്കളെ ആരോപണത്തിന്റെ പേരിൽ പുറത്താക്കിയത് 2012-ൽ തൃശ്ശൂരിൽ നടന്ന കലോത്സവത്തിലാണ്. രക്ഷിതാക്കളുടെ രോഷത്തിൽ വിധികർത്താക്കൾ ഓടിപ്പോകേണ്ട ഗതികേടും ഉണ്ടായി.

പ്രസംഗം, ചാക്യാർകൂത്ത്, തിരുവാതിരക്കളി, മോണോആക്ട് എന്നിവയിലെ വിധികർത്താക്കളാണ് ആക്ഷേപം ഉണ്ടാക്കിയത്. മത്സരാർഥികൾക്കൊപ്പം അത്താഴം കഴിച്ച വിധികർത്താവുമുണ്ടായി.

ചാക്യാർകൂത്തിലെ വിധികർത്താവ് മത്സരം നടക്കുമ്പോൾ ഉറങ്ങിയതും അക്കൊല്ലത്തെ രക്ഷിതാക്കളുടെ രോഷത്തിനിടയാക്കി. സ്വർണക്കിരീടം ലക്ഷ്യമിട്ട് ഡി.ഡി.മാർ സംശയനിഴലിലായതും 2012-ലാണ്. കോർപ്പറേഷൻ സ്റ്റേഡിയമായിരുന്നു അന്നത്തെ പ്രധാന വേദി. 16 വേദികളാണ് അന്നുണ്ടായിരുന്നത്.