തൃശ്ശൂര്‍: മോണോആക്ട് ചെസ്റ്റ് നമ്പര്‍ 23 ഓണ്‍ സ്റ്റേജ്. കര്‍ട്ടന്‍ പൊങ്ങി. മത്സരാര്‍ഥി നമസ്‌കാരം പറഞ്ഞപ്പോള്‍ സദസ്സിനു പിന്നില്‍ ബഞ്ചുകള്‍ മറിയുന്ന ശബ്ദം. അടിപിടിയല്ല. മത്സരാര്‍ഥിയെക്കാണാന്‍ പിന്‍നിരക്കാര്‍ ബഞ്ചില്‍  കയറിയെന്നേയുള്ളൂ. 1992-ലെ തിരൂര്‍ കലോത്സവത്തിലെ ആ പത്താം ക്ലാസ് വിദ്യാര്‍ഥി ആര്‍. അജയകുമാറായിരുന്നു.  സര്‍ഗപ്രതിഭകൊണ്ട് കലാലോകം കീഴടക്കിയ ഗിന്നസ് പക്രു എന്ന രണ്ടരയടിക്കാരന്‍.

അന്നത്തെ കലോത്സവത്തില്‍ മോണോആക്ടില്‍ പക്രുവിന് രണ്ടാം സ്ഥാനമായിരുന്നു. ഒന്നാം സ്ഥാനം കഥാപ്രസംഗത്തിലായിരുന്നു. കഥാപ്രസംഗം അവതരിപ്പിച്ചപ്പോള്‍ കാഥികനെ കാണുന്നില്ലെന്ന് പിന്നില്‍നിന്നുള്ള അലറല്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതായി പക്രു പറയുന്നു. ഒരു മൂന്നാംസ്ഥാനം കൂടി കിട്ടിയിരുന്നെങ്കില്‍ പക്രുവും അന്ന് കലാപ്രതിഭയായേനെ. 

തിരുവല്ലാ ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്‌കൂളിലെ അഭിജിത്ത് രാധാകൃഷ്ണനായിരുന്നു കലാപ്രതിഭ. മഞ്ജു വാര്യര്‍ തിലകവും. അഭിജിത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഓരോന്നുവീതം. പക്രുവിന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഓരോന്നും. പ്രതിഭാപ്പട്ടത്തിനടുത്തെത്തിയ 'കുഞ്ഞനെ' അന്നെല്ലാവരും ശ്രദ്ധിച്ചു.

ഏറെ സന്തോഷിച്ചത് കോട്ടയം ഒളശ്ശ സി.എം.എസ്. ഹൈസ്‌കൂളായിരുന്നു. ജേതാവായി തിരിച്ചെത്തിയ പക്രുവിനെ ഓരോ ക്ലാസുകാരും നോട്ടുമാലയണിയിച്ചു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന കഥയാണ് കഥാപ്രസംഗമായി അവതരിപ്പിച്ചത്. ആശാന്റെ കവിതയല്ല സ്വന്തം 'മാറ്റുവിന്‍ ചട്ടങ്ങളെ' ആയിരുന്നു അത്.

മോണോ ആക്ടില്‍ അന്ന് ഒന്നാംസ്ഥാനം കിട്ടിയ കോഴിക്കോട് സെന്റ് ജോസഫ്‌സിലെ രാഹുല്‍ ലക്ഷ്മണിനെ വര്‍ഷങ്ങള്‍ക്കുശേഷം പക്രു കണ്ടത് കൊച്ചി അമൃത ആസ്പത്രിയില്‍വെച്ചാണ്. പക്രുവിന്റെ മകള്‍ ജനിച്ചത് അവിടെയായിരുന്നു. അന്ന് അവിടത്തെ ഒരു ഡോക്ടര്‍ കാണാന്‍ ചെന്നു. അത് രാഹുല്‍ ലക്ഷ്മണ്‍ ആയിരുന്നു. സന്ദേശം സിനിമയിലെ ക്ലൈമാക്സില്‍ ശ്രീനിവാസനും ജയറാമും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയായ അനിയനില്‍നിന്നും കൊടി പിടിച്ച് എറിയുന്ന സീനുണ്ട്. ആ വിദ്യാര്‍ഥിയായി അഭിനയിച്ചത് രാഹുല്‍ ലക്ഷ്മണ്‍ ആയിരുന്നു.

മോണോ ആക്ടിലെ ഒരു മുന്‍ സംസ്ഥാന ജേതാവായ മൂവാറ്റുപുഴ എസ്.എച്ചിലെ കെ.ജെ. ഷാജുവായിരുന്നു പക്രുവിന്റെ ആദ്യസിനിമയായ അമ്പിളിയമ്മാവനിലെ നായകന്‍. നായകന്റെ കൂട്ടുകാരനായ പക്രു എന്ന കഥാപാത്രത്തിന്റെ പേരിലേക്കാണ് അജയകുമാര്‍ പിന്നീട് മാറിയത്.