ലോത്സവത്തിലെ താരങ്ങള്‍ ഇനി സ്റ്റാമ്പിലും തിളങ്ങാം. തപാല്‍ വകുപ്പാണ് താരങ്ങള്‍ക്ക് സ്വന്തം ചിത്രമടങ്ങിയ സ്റ്റാമ്പ് പുറത്തിറക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. മൈ സ്റ്റാമ്പ് പദ്ധതി പ്രകാരം കലോത്സവത്തിനായി പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതിനു പുറമേയാണ് മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ സ്റ്റാമ്പായി പുറത്തിറക്കാനുള്ള സൗകര്യവും വകുപ്പ് ഒരുക്കിയിരിക്കുന്നത്.

വിവിധ മത്സരങ്ങളില്‍ എ ഗ്രേഡ് നേടുന്ന താരങ്ങള്‍ക്കാണ് സ്വന്തം ചിത്രം സ്റ്റാമ്പായി പതിപ്പിക്കാന്‍ സാധിക്കുക. ഇതിനുള്ള നിര്‍ദേശങ്ങള്‍ കലോത്സവത്തിന്റെ സംഘാടകര്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്റ്റാമ്പ് അച്ചടിക്കുന്നതിനുള്ള സൗകര്യമൊരുക്കി കലോത്സവ നഗരിയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പവലിയന്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ താരങ്ങള്‍ക്ക്  സ്വന്തം പ്രകടനത്തിന്റെ ചിത്രങ്ങള്‍ തന്നെ സ്റ്റാമ്പായി അച്ചടിക്കാം. ഇനിയിപ്പോള്‍ പ്രകടനത്തിന്റെ ചിത്രങ്ങള്‍ വേണ്ട എന്നാണെങ്കില്‍ മൈ സ്റ്റാമ്പ് പവലിയനില്‍ എത്തി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക ഫോട്ടോയെടുപ്പും സ്റ്റാമ്പ് അച്ചടിയുമാവാം. 

മത്സരാര്‍ഥികള്‍ക്ക് മാത്രമാണോ ഈ സൗകര്യം ലഭിക്കുക എന്ന് സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ചിരിച്ചു കൊണ്ട് 'അല്ല' എന്ന് മറുപടി നല്‍കും. സ്വന്തം ചിത്രം സ്റ്റാമ്പായി കണ്ടേ എന്ന് ആഗ്രഹമുള്ളവര്‍ക്കും ഫോട്ടോ നല്‍കിയാല്‍ പത്ത് മിനിറ്റ് കൊണ്ട് സ്റ്റാമ്പാവാം.!

തപാല്‍ വകുപ്പിന്റെ സൗകര്യങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് തപാല്‍ വകുപ്പ് അധികൃതരുടെ വിശദീകരണം. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ വളരെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും ഇതിനോടകം തന്നെ നിരവധി പേര്‍ സ്റ്റാമ്പ് അച്ചടിക്കാന്‍ താല്‍പര്യപ്പെട്ട് രംഗത്തെത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 300 രൂപ നിരക്കില്‍ സ്വന്തം ചിത്രമുള്ള 12 സ്റ്റാമ്പ് അടങ്ങുന്ന ഷീറ്റാണ് ലഭിക്കുക. എന്തായാലും കലോത്സവ നഗരിയിലെത്തുന്നവര്‍ക്കെല്ലാം ഒന്നു സ്റ്റാമ്പാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ തപാല്‍ വകുപ്പിന്റെ പവലിയനില്‍ കയറിയിട്ട് പോകാം.

Content Highlights: State School Kalolsavam 2018 My stamb Postal Department