തൃശ്ശൂര്‍: പത്തനംതിട്ടക്കാരന്‍ ഹേമന്ത് ട്രിപ്പിള്‍ ജാസ് എന്ന് കേട്ടാല്‍ എല്ലാം മറക്കും കാരണം മൂന്നാം ക്ലാസ്സില്‍ തുടങ്ങിയതാണ് ഹേമന്തിന്റെ ട്രിപ്പിള്‍ ജാസുമായുള്ള പ്രണയം. പത്തനംതിട്ട എം.ജി.എം.എച്ച്.എസ്.എസ്സിലെ ഈ പ്ലസ്ടുക്കാരന്‍ ശബ്ദത്തില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷത്തോളമായി. ആ കൈവഴക്കവുമായാണ് ഇത്തവണ ഹേമന്ത് സംസ്ഥാന കലോത്സവത്തിനും മത്സരിക്കാനെത്തിയത്. സംസ്ഥാന തലത്തിലേക്ക്  ആദ്യ വരവായിരുന്നുവെങ്കിലും സംഗീത പ്രേമികളെ ആവേശത്തിന്റെ ലഹരിയിലാക്കിയാണ് ആദ്യ തവണ തന്നെ ഹേമന്ത് വേദി വിട്ടത്. 

ഒരു പെണ്‍കുട്ടിയടക്കം ഇരുപതോളം മത്സരാര്‍ഥികള്‍ ട്രിപ്പിള്‍ജാസില്‍ മത്സരിക്കാനെത്തിയിരുന്നുവെങ്കിലും ഹേമന്തിനെ നിറഞ്ഞ കൈയടിയോടെയാണ് തൃശ്ശൂലെ മേള പ്രേമികള്‍ സ്‌റ്റേജില്‍ നിന്നും മടക്കിയത്. അത്ര മനോഹരമായിരുന്നു ഹേമന്തിന്റെ ഓരോ ശബ്ദവും. കീ ബോര്‍ഡ് വിദഗ്ധനും, ഗിറ്റാറിസ്റ്റുമായ അനുജന്‍ സാംസണും ഹേമന്തിന് നിറഞ്ഞ പിന്തുണയുമായി വേദിക്കരികെയുണ്ടായിരുന്നു. ജാസിനോടുള്ള പ്രണയത്തെ പറ്റി ചോദിക്കുമ്പോള്‍ ഹേമന്തിന് ഒറ്റ മറുപടിയേ ഉള്ളൂ. എല്ലാ തന്റെ അമ്മ എന്ന് മാത്രം. 

മേളമില്ലാതെ എന്ത് തൃശ്ശൂര്‍ക്കാരെന്ന് പറയുന്ന തൃശ്ശൂരിലെ നാട്ടുകാര്‍ ട്രിപ്പള്‍ജാസ് മത്സരങ്ങള്‍ക്ക് വലിയ പിന്തുണയാണ് സ്വന്തം നാട്ടില്‍ ഇത്തവണ നല്‍കിപോന്നത്. ആദ്യ ദിനം എല്ലാ മത്സരങ്ങളും വൈകിയാണ് തുടങ്ങിയതെങ്കിലുംം പലയിടങ്ങളില്‍ നിന്നും കേട്ട എന്തൂട്ടാ ഗഡ്യേ തുടങ്ങാത്തെ എന്ന പഴി ജാസ് വേദിയില്‍ കേട്ടില്ല. അത് വിദ്യാര്‍ഥികള്‍ക്കും ഗുണമായി. അങ്ങനെ നിറഞ്ഞ വേദിയില്‍ ഇത്തവണ ട്രിപ്പിള്‍ജാസ്  മത്സരങ്ങള്‍ അരങ്ങേറി. 

Content Highlights: School Kalolsavam School Youth Festival Triple Jazz