തൃശ്ശൂര്‍: പൊട്ടല്‍ വീണ കാല്‍മുട്ടിനും വേദനയ്ക്കും ചന്ദനയുടെ നിശ്ചയദാര്‍ഢ്യത്തെ മറികടക്കാനായില്ല. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ കാലില്‍ പ്ലാസ്റ്ററുമായെത്തി മികച്ച പ്രകടനം കാഴ്ചവെച്ച് വിധികര്‍ത്താക്കളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചു ഈ പത്താം ക്ലാസുകാരി. വീണു പരിക്കേറ്റ ചന്ദനയ്ക്ക് ശനിയാഴ്ച ഡോക്ടര്‍ ശസ്ത്രക്രിയ വിധിച്ചിരുന്നതാണെന്ന് കൂടി അറിഞ്ഞാലേ ആ ഞെട്ടല്‍ പൂര്‍ണമാകൂ.

ഒരാഴ്ചമുമ്പ് നാടകത്തിന്റെ റിഹേഴ്‌സലിനിടെയാണ് ചന്ദനയുടെ മുട്ടിന് പരിക്കേല്‍ക്കുന്നത്. മുട്ടിന്റെ ലിഗ്‌മെന്റിന് പൊട്ടല്‍ വീണതിനെ തുടര്‍ന്ന് ഡോക്ടര്‍ ശനിയാഴ്ച ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ചന്ദനയുടെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ കലോത്സവ വേദിയില്‍ എത്തിക്കുകയായിരുന്നു.

കാലിന് പരിക്കേറ്റതിനാല്‍ നടക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ചന്ദന കലോത്സവത്തിനെത്തിയത്. വേദി മുഴുവന്‍ ഉപയോഗിച്ച് ഒറ്റയ്ക്ക് ചെയ്യേണ്ടതിനാല്‍ പരിക്ക് പരിപാടിയെയും ബാധിച്ചു. 'ഇതൊക്കെ അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. അത് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. അതാണ് വേദന സഹിച്ചും വേദിയിലെത്തിയത്' ചന്ദന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ലൗ ജിഹാദ് ആയിരുന്നു ചന്ദനയുടെ വിഷയം. ഇതിന്റെ പേരിലുയരുന്ന വിവാദങ്ങള്‍ വളര്‍ത്തുന്ന മതസ്പര്‍ദ്ധയും കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവുമെല്ലാം ചന്ദനയുടെ ലളിതസുന്ദരമായ പ്രകടനത്തിലൂടെ അനായാസം പ്രേക്ഷകരിലേക്കെത്തി.

പരിക്ക് പറ്റിയ സാഹചര്യത്തില്‍ സ്‌ക്രിപ്റ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ചലനങ്ങള്‍ പരമാവധി കുറച്ചാണ് മോണോ ആക്ട് വേദിയില്‍ അവതരിപ്പിച്ചതെന്ന് ചന്ദനയുടെ ഗുരു കലാഭാവന്‍ നൗഷാദ് പറഞ്ഞു. ഇന്ന് രാവിലെ എത്തിയാണ് സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയത്. അതെല്ലാം കുറഞ്ഞ സമയം കൊണ്ട് പഠിച്ച് നന്നായിതന്നെ ചന്ദന വേദിയില്‍ അവതരിപ്പിച്ചു. അതിനവള്‍ക്ക് പ്രത്യേക അഭിനന്ദനം പറഞ്ഞാലേ മതിയാകൂ കലാഭവന്‍ നൗഷാദ് പറഞ്ഞു.

പരിക്ക് പറ്റിയതിനാല്‍ കലോത്സവത്തിന് വരേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസമായി ചന്ദന വളരെ ദു:ഖിതയായിരുന്നു. അതിനാല്‍ വരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ചന്ദനയുടെ അച്ഛന്‍ സജിത്ത് പറയുന്നു. 

കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി മെമോറിയല്‍ വിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് ചന്ദന. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മോണോ ആക്ടിന് എ ഗ്രേഡ് ഉണ്ടായിരുന്നു ചന്ദനയ്ക്ക്. ശാസ്ത്രനാടകത്തില്‍ ദേശീയതലത്തില്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കൊച്ചുമിടുക്കി.

Content Highlights: School Kalolsavam School Youth Festival Mono Act